പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റും. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മാത്രമാണ് കോവിഡ് ആശുപത്രിയായി തുടരുന്നത്.
33 പേരാണ് രോഗബാധിതരായി ഇന്നലെ വരെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതു കൂടാതെ രോഗലക്ഷണങ്ങളോടെ ഐസൊലേഷനില്‍ കഴിയുന്നവര്‍ വേറെയുമുണ്ട്. റാന്നി മേനാംതോട്ടം ഒന്നാംനിര കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 17 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ നിന്നുള്ള ഓരോരുത്തര് വീതം തിരുവനന്തപുരം, മഞ്ചേരി മെഡിക്കല്‍ കോളജുകളിലും രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്. മേനാംതോട്ടം കൂടാതെ ഇരവിപേരൂര്‍ കൊട്ടയ്ക്കാട്ട് ആശുപത്രിയിലും കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രം തുറന്നുവെങ്കിലും ഇതേവരെ ആരെയും അവിടെ പ്രവേശിപ്പിച്ചിട്ടില്ല.
ഇത്തരത്തില്‍ ഏറ്റെടുത്തിരിക്കുന്ന ചികിത്സാ കേന്ദ്രങ്ങള്‍ ഉടന്‍തന്നെ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാനാണ് തീരുമാനം. 117 കോവിഡ് കെയര്‍ കേന്ദ്രങ്ങളും ഇതിനോടകം പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു.
നറല്‍ ആശുപത്രിയില്‍ നിലവില്‍ അത്യാഹിത വിഭാഗത്തിലൊഴികെ ആരെയും കിടത്തുന്നില്ല.
കാത്ത്ലാബ്, ഡയലാസിസ് സൗകര്യങ്ങള്‍ മുടക്കിയിട്ടില്ലെങ്കിലും ചികിത്സയ്ക്കെത്തുന്നവര്‍ കുറവാണ്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി ക്വാറന്റൈനില്‍ കഴിയുന്നവരില്‍ പരിശോധന വിപുലമാക്കിയതോടെ പോസിറ്റീവ് കേസുകള്‍ കൂടിവരികയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വന്നവരിലാണ് ഏറെയും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുവന്നവരിലും രോഗം സ്ഥിരീകരിച്ചു. മൂന്നാംഘട്ടത്തില്‍ മേയ് 12 മുതല്‍ ഇന്നലെവരെ ജില്ലയില്‍ 63 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
ഇവരില്‍ എട്ടുപേര്‍ രോഗം ഭേദമായി. ഒരാള്‍ മരിച്ചു. രണ്ടാംഘട്ട വ്യാപനത്തില്‍ 17 പേര് മാത്രമാണ് രോഗബാധിതരായത്. ഇവരെല്ലാം നേരത്തെ ആശുപത്രി വിട്ടിരുന്നു.