തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ അഞ്ചു വയസുകാരനായ മകനെ പോലീസ് മുഖ്യസാക്ഷിയാക്കും.
അമ്മയെ നാല് മാമൻമാർ ഉപദ്രവിച്ചെന്നും തടയാൻ ശ്രമിച്ച തന്നെ തള്ളിയിട്ടെന്നും മകൻ പോലീസിൽ മൊഴി നൽകി. മൂന്ന് പ്രതികളെ കുട്ടി തിരിച്ചറിഞ്ഞു.
ഇന്നലെ പോലീസിലും മജിസ്ട്രേറ്റിനോടുമാണ് കുട്ടി രഹസ്യമൊഴി നൽകിയത്. കഠിനംകുളം സ്വദേശിനിയായ യുവതിയെ മദ്യം നൽകി മാനഭംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഒളിവിലാണ് ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ചാന്നാങ്കര സ്വദേശികളായ മൻസൂർ (34), അർഷാദ് (26), അക്കു എന്ന് വിളിക്കുന്ന അക്ബർ (24), മനോജ് (26), വെട്ടുതുറ സ്വദേശി രാജൻ എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ (65), യുവതിയുടെ ഭർത്താവായ മുപ്പതുകാരൻ എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ നൗഫൽ ഒളിവിലാണ്.
യുവതിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ ഓടിച്ചിരുന്നത് നൗഫലായിരുന്നുവെന്നാണ് പ്രതികൾ ചോദ്യം ചെയ്യൽ വേളയിൽ പോലീസിനോട് പറഞ്ഞത്.
ബലാൽസംഗ ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, തട്ടിക്കൊണ്ട് പോകൽ, പോക്സോ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. അഞ്ച് വയസുകാരനായ കുട്ടിയെ ഉപദ്രവിച്ചതിനാണ് പോക്സോ വകുപ്പ് ചുമത്തിയത്.
യുവതിയുടെ മൊബൈൽ ഫോണ് പ്രതികൾ മോഷ്ടിച്ചതിനാണ് മോഷണകുറ്റം ചുമത്തിയിരിക്കുന്നത്. ഭർത്താവ് കഞ്ചാവും മദ്യവും സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ് യുവതി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബീച്ച് കാണിക്കാനെന്ന് പറഞ്ഞ് യുവതിയെയും രണ്ട് കുട്ടികളെയും കൂട്ടി ഭർത്താവ് വെട്ടുതുറയിലുള്ള സുഹൃത്ത് രാജന്റെ വീട്ടിലെത്തിയത്.
അവിടെ വച്ച് യുവതിയുടെ ഭർത്താവും രാജനും മദ്യപിച്ച ശേഷം പുറത്തേക്ക് പോയിരുന്നു. അൽപ്പസമയത്തിന് ശേഷമാണ് ഭർത്താവിന്റെ സുഹൃത്തായ ഒരു യുവാവ് വന്ന് ഭർത്താവ് ആൾക്കാരുമായി പ്രശ്നം ഉണ്ടാക്കുന്നുവെന്നും തടയാൻ വരണമെന്നും പറഞ്ഞ് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിയത്.
യുവതി തന്റെ അഞ്ച് വയസുകാരനായ മകനെയും ഒപ്പം കൂട്ടുകയായിരുന്നു. യുവതിയോടാപ്പം ഓട്ടോയിൽ കയറിയ യുവാക്കൾ പത്തേക്കർ എന്ന സ്ഥലത്തെ കുറ്റിക്കാട്ടിനകത്തേക്ക് കൊണ്ട് പോയി ക്രൂരമായി യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ സിഗററ്റ് വച്ച് പൊള്ളിച്ചുവെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും യുവതി പോലീസിനോട് മൊഴി നൽകിയിരുന്നു.
തിരുവനന്തപുരം റൂറൽ എസ്പി. അശോകന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി. പി.വി.ബേബി, കഠിനംകുളം സിഐ. വിനിഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.