പയ്യന്നൂര്‍: ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ പൊറുതി മുട്ടിയ ഭാര്യ ഒടുവില്‍ നടത്തിയത് അറ്റകൈ പ്രയോഗം. ഭാര്യയുടെ കസേരകൊണ്ടുള്ള അടിയും കൈകൊണ്ടുള്ള പ്രഹരങ്ങളുമേറ്റ് പരിക്ക് പറ്റിയ ഭര്‍ത്താവ് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സയിലുമായി.
തൃക്കരിപ്പൂര്‍ സ്വദേശിനിയായ മുപ്പതുകാരിയാണ് മുപ്പത്തഞ്ചുകാരനായ ഭര്‍ത്താവിനെ നേര്‍വഴി നടത്താന്‍ ഒടുവില്‍ രണ്ടും കല്പിച്ച് പൊരുതിയത്. മദ്യലഹരിയിലുള്ള ഭര്‍ത്താവിന്റെ ക്രൂരതകള്‍ അതിരുകടക്കാന്‍ തുടങ്ങിയപ്പോള്‍ പലരും ഇടപെട്ടിട്ടും ഭര്‍ത്താവ് പിന്മാറാന് കൂട്ടാക്കിയില്ല.
ഇന്നലെ രാത്രി ഏഴോടെ വീട്ടിലെ സമാധാനം നഷ്ടപ്പെടുത്തിയുള്ള ഇയാളുടെ ലീലാവിലാസങ്ങള്‍ വീണ്ടും അരങ്ങേറിയപ്പോഴാണ് ക്ഷമിച്ചും സഹിച്ചും മടുത്ത ഭാര്യ ഉറച്ച തീരുമാനത്തിലെത്തിയത്.
കൈയില്‍ കിട്ടിയത് കസേരയാണ്. ഇതുകൊണ്ടുള്ള അടി കിട്ടിയത് ഭര്‍ത്താവിന്റെ തലയ്ക്കും. പിന്നീട് കൈകൊണ്ടുള്ള പ്രഹരങ്ങളായിരുന്നു. ഭാര്യയുടെ കൈക്കരുത്ത് ബോധ്യമായതോടെ എതിര്‍ക്കാനാകാതെ അവശനായ ഭര്‍ത്താവിനെ ഇയാളുടെ സുഹൃത്ത് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു.
ആപ്പില്‍ കിട്ടിയ സാധനം ആപ്പിലാക്കിയതില് സങ്കടമുണ്ടെങ്കിലും ഇനി ഇപ്പണിക്ക് താനില്ലെന്നാണ് ബോധോദയം വന്നപ്പോള്‍ ഇയാള്‍ പറഞ്ഞത്.