സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാർട്ടി ഒരേ സമയം കോടതിയും പോലീസ് സ്റ്റേഷനുമാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ വിവാദ പ്രസ്താവനയിൽ സിപിഎമ്മിനുള്ളിൽ കടുത്ത അമർഷം.
പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന അനവസരത്തിലാണെന്നും സന്ദർഭത്തിന് യോജിക്കാത്ത തരത്തിൽ ഇത്തരം പരാമർശം നടത്തിയത് ശരിയായില്ലെന്നുമുള്ള നിലപാടാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കിടയിലുമുള്ളത്.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എംഎൽഎയുമായ പി.കെ. ശശിക്കെതിരേയുള്ള പീഡന പരാതിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് എം.സി. ജോസഫൈന്റെ വിവാദ പരാമർശം ഉണ്ടായത്.
തന്റെ പാർട്ടിയ്ക്കു സ്വന്തമായി കോടതി സംവിധാനമുണ്ടെന്നും പാർട്ടി ഒരേ സമയം കോടതിയും പോലീസ് സ്റ്റേഷനുമാണെന്നുമുള്ള വിവാദ പരാമർശം നടത്തിയത്.
ഈ പ്രസ്താവന വലിയ വിവാദമായി മാറുകയും ദൃശ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് ഇടയാകുകയും ചെയ്തിരുന്നു. പാർട്ടി അംഗങ്ങൾ പ്രതിയായ കേസുകളിൽ പാർട്ടി, പോലീസായി അന്വേഷിക്കുകയും പാർട്ടി തന്നെ കോടതിയായി ശിക്ഷ വിധിക്കുകയും ചെയ്താൽ സംസ്ഥാനത്ത് പിന്നെ എന്തിന് പോലീസ് സംവിധാനവും കോടതിയും വനിതാ കമ്മീഷനുമെന്ന ചോദ്യമാണ് പ്രതിപക്ഷവും സമൂഹമാധ്യമങ്ങളിലൂടെ നിരവധിയാളുകളും ഉയർത്തുന്നത്.
പാർട്ടി പ്രവർത്തകരും നേതാക്കളും പ്രതികളായ പല കേസുകളും സിപിഎം മനഃപൂർവം മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതെല്ലാം വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിവാദ പ്രസ്താവനയോടെ സമൂഹ മധ്യമങ്ങളിൽ ട്രോളുകളായി വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വനിതാ നേതാവിൽ നിന്ന് തന്നെ പാർട്ടിയെ വെട്ടിലാക്കുന്ന പരാമർശം വന്നത് പാർട്ടിയ്ക്കുള്ളിലെന്ന പോലെ മുന്നണിക്കുളിലും വലിയ വിമർശനത്തിനിടയാക്കുന്നുണ്ട്.