എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്പ് എൽഡിഎഫ് വിപുലീകരണം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ.
യുഡിഎഫ് തർച്ച നേരിട്ടുകൊണ്ടിരിക്കുന്ന മുന്നണിയാണ്. അതിൽ നിന്ന് ചാടി രക്ഷപ്പെടാൻ പലരും ശ്രമിക്കുകയാണ്. കേരള കോൺഗ്രസ് ജോസ്.കെ. മാണി- പി.ജെ ജോസഫ് വിഭാഗങ്ങളുടെ തർക്കം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്.
എൽഡിഎഫ് അതു സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഇരുവിഭാഗങ്ങളും യുഡിഎഫിൽ അസംതൃപ്തരാണ്. ഇരു കൂട്ടരോടും എൽഡിഎഫിന് അയിത്തമില്ലെന്നും വിജയരാഘവൻ രാഷ്ട്രദീപികയോട് പറഞ്ഞു.
എൽഡിഎഫിന്റെ നിലപാടുമായി യോജിച്ചു പോകുന്ന കക്ഷിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ തർക്കം ഉണ്ടാകാനിടിയില്ല. എൽഡിഎഫിലെ മറ്റു ഘടകകക്ഷികളുമായി കൂട്ടായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ഇരു കൂട്ടരുമായും പ്രാഥമിക ചർച്ചകൾ ഇതിനകം നടത്തിക്കഴിഞ്ഞു. ചർച്ചകളിൽ പോസിറ്റീവായ പല നിർദേശങ്ങളും ഉയർന്നു വന്നിട്ടുണ്ട്. തുടർ ചർച്ചകൾ ഉണ്ടാകും.
മുന്നണി ബന്ധം ഉപേക്ഷിച്ച് വരുന്നവർ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്പോൾ എൽഡിഎഫ് കൃത്യമായ ഇടപെടൽ നടത്തും. എൽഡിഎഫ് രാഷ്ട്രീയവുമായി യോജിച്ചു പോകുന്ന പരമാവധി കക്ഷികളെ കൂടെ കൂട്ടണമെന്നതു തന്നെയാണ് നേരത്തെ തന്നെ സ്വീകരിച്ചുവരുന്ന നിലപാട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്തിടെ ചില കക്ഷികളെ മുന്നണിയുടെ ഭാഗമാക്കിയത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുന്നണി വലിയ വിജയം നേടും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഇതിനകം താഴെത്തട്ടിൽ ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ പ്രവർത്തനങ്ങളിലേക്ക് കടക്കാത്തത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ സജീവമായതിനാലാണ്. അടുത്ത മാസത്തോടെ തെരഞ്ഞെടുപ്പ് തയാറെടുപ്പിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കും.
ഈ മാസം 12ന് സിപിഎം സംസ്ഥാന സമിതി ചേരുന്നുണ്ട്. വീഡിയോ കോൺഫ്രറൻസിംഗ് വഴിയാണ് ചേരുന്നത്. എൽഡിഎഫ് കക്ഷി നേതാക്കളുമായി നിലവിൽ ആശയവിനിമയം നടത്തുന്നുണ്ട് 15നു ശേഷം വീഡിയോ കോൺഫറൻസ് വഴി എൽഡിഎഫ് മുന്നണി യോഗം ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ മുന്നണിക്ക് പൂർണ സംതൃപ്തിയാണെന്നും സർക്കാരിന് എല്ലാവിധ പിന്തുണയും മുന്നണി നേതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കൺവീനർ രാഷ്ട്രദീപികയോട് പറഞ്ഞു.