ചാവക്കാട്: മുനക്കകടവ് അഴിമുഖത്തെ പുലിമുട്ടിൽ സ്ഥാപിച്ച ദിശാ ലൈറ്റുകൾ കത്തുന്നില്ല. അപകടം പതിവെന്ന് മത്സ്യത്തൊഴിലാളികൾ. ദിനംപ്രതി നിരവധി ബോട്ടുകളാണ് മത്സ്യബന്ധനത്തിനു പോകുന്നത്. അഴിമുഖത്തെ വിളക്കുകൾ കേടുവന്നിട്ടു മാസങ്ങൾ കഴിഞ്ഞു.
ലൈറ്റ് ഇല്ലാത്തതിനാൽ കഴിഞ്ഞദിവസവും പുലിമുട്ടിൽ ബോട്ട് ഇടിച്ചു. അറ്റകുറ്റപ്പണികൾ നടത്തി ദിശാ വിളക്കുകൾ കത്തിക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം പുലർച്ചെ കൊച്ചിയിൽനിന്ന് മണൽനീക്കാൻ എത്തിയ ഡ്രഡ്ജർ ബോട്ട് പുലിമുട്ടിൽ ഇടിച്ചു.
ദിശ തെറ്റിയതാണ് അപകടത്തിനു കാരണം തൊഴിലാളികൾ രക്ഷപ്പെട്ടു. കൊച്ചി ഡ്രഡ്ജിംഗ് ഏജൻസിയുടെ ബോട്ടാണ് അപകടത്തിൽപെട്ടത്. സംഭവം നടക്കുന്പോൾ മൂന്നു തൊഴിലാളികൾ ഉണ്ടായിരുന്നു. മത്സ്യബന്ധന ബോട്ടുകൾക്കു ഭീഷണിയായ മണൽതിട്ട നീക്കാൻ എത്തിയതായിരുന്നു ഡ്രഡ്ജർ ബോട്ട്.
നീക്കിയ മണൽ പുറംകടലിൽ തള്ളി തിരിച്ചു വരുന്പോഴാണ് അപകടം. അഴിമുഖത്തെ മണൽതിട്ട ഭീഷണി ഒഴിവാക്കാൻ എത്തിയ ബോട്ടിന് ദിശവിളക്ക് വിനയായി.