ഇരിങ്ങാലക്കുട: ആരോഗ്യ പ്രവർത്തകയ്ക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ആരോഗ്യകേന്ദ്രങ്ങൾ താത്കാലികമായി അടച്ചിട്ടു. ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ വീട്ടിൽ നിരീക്ഷണത്തിലേക്കു മാറ്റി.
കഴിഞ്ഞ ദിവസമാണു പൊറത്തിശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മാടായിക്കോണം സബ് സെന്ററിലെ 51 കാരിയായ പബ്ലിക് ഹെൽത്ത് നഴ്സിനാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണു പ്രാഥമികാരോഗ്യ കേന്ദ്രവും ഇതിന്റെ കീഴിൽ വരുന്ന മാടായിക്കോണം, മൂർക്കനാട്, കണ്ടാരംത്തറ എന്നിവിടങ്ങളിലെ സബ് സെന്ററുകളും ഇപ്പോൾ അടച്ചിട്ടിരിക്കുന്നത്.
ഇന്നലെ തന്നെ പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കിയിരുന്നു. ഡോക്ടർ ഉൾപ്പെടെ ആരോഗ്യകേന്ദ്രത്തിലെയും സബ് സെന്ററുകളിലെയും താത്കാലിക ജീവനക്കാർ ഉൾപ്പെടെ മുഴുവൻ ആരോഗ്യ പ്രവർത്തകരും വീട്ടിൽ നിരീക്ഷത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു.
അതേസമയം ആരോഗ്യ പ്രവർത്തകയുമായി അടുത്തു സന്പർക്കം പുലർത്തിയ ഏഴ്, എട്ട്, ഒന്‍പതു വാർഡുകളിലെ കൗണ്‍സിലർമാരായ പി.സി. മുരളീധരൻ, അംബിക പള്ളിപ്പുറത്ത്, രമേശ് വാര്യർ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി.ആർ. സ്റ്റാൻലി, പൊറത്തിശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ബി. രാജു മാസ്റ്റർ എന്നിവരും വീട്ടു നിരീക്ഷണത്തിലേക്കു മാറിയിട്ടുണ്ട്.
സർക്കാരിന്റെ നിർദേശമനുസരിച്ചു മേയ് 31 നു വാർഡുകളിൽ നടന്ന ഡ്രൈഡേ ദിനാചരണ ചടങ്ങുകളിൽ ആരോഗ്യപ്രവർത്തകയ്ക്കൊപ്പം ഇവരും വേദി പങ്കിട്ടിരുന്നു. ഇതുസംബന്ധിച്ച ജില്ലാ ആരോഗ്യവകുപ്പിന്റെ കൂടുതൽ നിർദേശങ്ങൾക്കു കാത്തിരിക്കുകയാണു അധികൃതർ.