തൊടുപുഴ: മണിക്കൂറുകളോളം നാടിനെ വിറപ്പിച്ച് വിരണ്ടോടിയ പോത്തിനെ മയക്കുവെടിവച്ച് വീഴ്ത്തി. വണ്ണപ്പുറം കലയന്താനി സ്വദേശി സെയ്ദുമുഹമ്മദ് (അനസ്) കശാപ്പിനായി കൊണ്ടുവന്ന പോത്താണ് ഇന്നലെ നാടുവിറപ്പിച്ചത്.
പോത്തിന്റെ ആക്രമണത്തിൽനിന്നും രക്ഷപെടുന്നതിനിടെ ഇരുപതോളംപേർക്ക് പരിക്കേറ്റു. ഒട്ടേറെ കാർഷിക വിളകളും പോത്ത് നശിപ്പിച്ചു.
ഇന്നലെ രാവിലെ 11- ഓടെ വണ്ണപ്പുറത്തായിരുന്നു സംഭവം. കശാപ്പിനായി കൊണ്ടുവന്ന പോത്തുകളെ വാഹനത്തിൽനിന്നും ഇറക്കുന്നതിനിടെ ഇതിൽ ഒരെണ്ണം വിരണ്ടോടുകയായിരുന്നു.
വണ്ണപ്പുറം – തൊമ്മൻകുത്ത് റോഡിലൂടെ ഓടിയ പോത്ത് കണ്ണിൽകണ്ട കൃഷികളെല്ലാം നശിപ്പിച്ചു. പോത്തിന്റെ പിന്നാലെ ആളുകൾ കൂടിയതോടെ ഇത് കൂടുതൽ വിളറിപിടിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനേതുടർന്ന് കാളിയാർ എസ്ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണാതീതമായതോടെ തൊടുപുഴയിൽനിന്നും ഫയർഫോഴ്സ്, വനം വകുപ്പ്, വെറ്ററിനറി ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി.പോത്തിനെ കുടുക്കിട്ടു വീഴ്ത്താൻ ഫയർഫോഴ്സും പോലീസും നാട്ടുകാരുംചേർന്ന് പലതവണ ശ്രമിച്ചെങ്കിലും പോത്ത് രക്ഷപെട്ടോടുകയായിരുന്നു. 13 കിലോമീറ്ററോളം പോത്ത് ഓടി. ഒടുവിൽ മയക്കുവെടിവച്ച് വീഴ്ത്താൻ തീരുമാനിക്കുകയായിരുന്നു.
മുള്ളരിങ്ങാട് സ്വദേശിയാണ് പോത്തിനെ മയക്കുവെടി വച്ചത്. മൂന്നുതവണ മയക്കുവെടിയേറ്റ പോത്ത് ചത്തു. പോത്തിന് 200 കിലോയ്ക്കുമേൽ തൂക്കമുണ്ടായിരുന്നു. സംഭവത്തിൽ പോത്തിനെയെത്തിച്ച സെയ്ദുമുഹമ്മദിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.