തിരുവനന്തപുരം: ശബരിമലയിൽ മിഥുനമാസത്തിലെ മാസപൂജകൾക്കായി 14നു നട തുറക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 14 മുതൽ 28 വരെ മാസപൂജയും ഉത്സവവും നടക്കും. 28ന് ആറാട്ട്.
നിലവിൽ ശബരിമലയിലുള്ള വർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരു മണിക്കൂറിൽ 200 പേരെ വർച്വൽ ക്യൂ വഴി അനുവദിക്കും. രാവിലെ നാലുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ടു നാലുമുതൽ രാത്രി 11 വരെയും ദർശനം അനുവദിക്കും. ആകെ 16 മണിക്കൂറായിരിക്കും ദർശന സമയം.
50 പേരെ മാത്രമേ ഒരുസമയം ക്ഷേത്രമുറ്റത്തു പ്രവേശിപ്പിക്കുകയുള്ളൂ. അടുത്ത ക്യൂവിൽ അടുത്ത 50 പേരെ പ്രവേശിപ്പിക്കും. ക്യൂവിൽ സാമൂഹ്യഅകലം പാലിക്കാൻ കൃത്യമായ ക്രമീകരണം വട്ടം വരച്ചു രേഖപ്പെടുത്തും.
10 വയസിനു താഴെയുള്ളവർക്കും 65 വയസിനു മേലെയുള്ളവർക്കും രജിസ്ട്രേഷൻ അനുവദിക്കില്ല.പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിംഗ് ഉണ്ടാകും. ഭക്തർ നിർബന്ധമായും മാസ്ക് ധരിക്കണം. കൈ സോപ്പുപയോഗിച്ചു കഴുകാനും സാനിറ്റൈസേഷനും സൗകര്യമുണ്ടാകും. വിഐപി ദർശനം ഉണ്ടാകില്ല. വരുന്ന ഭക്തർക്കു താമസസൗകര്യവുമുണ്ടാകില്ല.
കൊടിയേറ്റവും ആറാട്ടും ഇത്തവണ ചടങ്ങുകളായി മാത്രമാകും നടത്തുക. നെയ്യഭിഷേകത്തിനു സൗകര്യമുണ്ടാകും. എന്നാൽ, തങ്ങൾ കൊണ്ടുവരുന്ന നെയ്യ് തന്നെ അഭിഷേകം നടത്തി അതിന്റെ ആടിയശിഷ്ടം വേണമെന്നു നിർബന്ധം ചെലുത്തരുത്. എന്നാൽ, അഭിഷേകം നടത്തിയ നെയ്യ് നൽകാൻ സൗകര്യമൊരുക്കും. പാളപ്പാത്രത്തിൽ ചൂടുകഞ്ഞി ഭക്തർക്കു നൽകും.
കെഎസ്ആർടിസി ബസുകൾ വഴിയും സ്വകാര്യവാഹനങ്ങൾ ഉപയോഗിച്ചും വരാം. ഇത്തവണ പ്രത്യേക സാഹചര്യത്തിൽ പമ്പ വരെ വാഹനങ്ങൾ വരാൻ യാത്രാനുമതിയുണ്ട്. പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. മഴ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റം വരുത്തും.
അഞ്ചുപേർ വീതമുള്ള ടീമുകളായാണ് അനുവദിക്കുക. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന ഭക്തർ ശബരിമല ദർശനത്തിനു കേരളത്തിലേക്കു വരാൻ ’കോവിഡ്19 ജാഗ്രത’ പോർട്ടൽ വഴി പാസിനു രജിസ്റ്റർ ചെയ്യണം.
പേരും വിവരങ്ങൾക്കുമൊപ്പം ശബരിമലയിൽ വരുന്നവർ വരുന്നതിനു രണ്ടു ദിവസം മുമ്പെങ്കിലും ഐസിഎംആർ അംഗീകൃത ലാബിന്റെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നതു നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഉള്ള ഇതര സംസ്ഥാന ഭക്തർക്കേ ശബരിമലയിലേക്കു യാത്രാനുമതിക്ക് പാസ് നൽകൂവെന്നു മന്ത്രി അറിയിച്ചു.
യാത്രയ്ക്ക് അത്യാവശ്യം ലഗേജ് മാത്രമേ ആകാവൂ. വരുന്നവർ ആവശ്യമായ ചൂടുവെള്ളം, മെഡിക്കൽ സൗകര്യം എന്നിവയുണ്ടാകും. അപ്പവും അരവണയും ഓൺലൈനായി നേരത്തെ ബുക്ക് ചെയ്യുന്നവർക്കാവും വിതരണം ചെയ്യുക. നേരത്തെ പണമടച്ച് ബുക്ക് ചെയ്തവർക്കു സന്നിധാനത്തുനിന്ന് ഇവ ശേഖരിക്കാം.
ശബരിമലയിലേക്കു വണ്ടിപ്പെരിയാർ വഴി വന്നുള്ള ദർശനം അനുവദിക്കില്ല. ശബരിമലയിൽ ശുചീകരണത്തിൽ കേരളത്തിൽനിന്നുള്ള തൊഴിലാളികളെ നിയോഗിക്കും. പൊതു സ്നാനഘട്ടങ്ങൾ ഉപയോഗിക്കാനാകാത്തതിനാൽ പമ്പാ സ്നാനം ഇത്തവണ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.