ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 256,563 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇന്ന് മാത്രം 9,941 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
228 പേർക്ക് ഞായറാഴ്ച ജീവൻ നഷ്ടമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 7,174 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ ഞായറാഴ്ച 3,007 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,975 ആയി. മൂവായിരത്തിലേറെ ആളുകൾ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു.
തമിഴ്നാട്ടിൽ ഇന്ന് 1,515 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 18 പേർ കോവിഡ് ബാധിച്ച് ഇന്ന് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 31,667 ആയി.
ആകെ 269 പേർ മരിക്കുകയും ചെയ്തു. ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.