കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 32 ആയി. ഇന്നലെ ജില്ലയിൽ ഒരാൾ രോഗമുക്തി നേടുകയും മൂന്നു പേർക്കു കൂടി രോഗം സ്ഥീരികരിക്കുകയും ചെയ്തു. ശനിയാഴ്ചയും ജില്ലയിൽ രണ്ടു പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനിയാണ്(29) രോഗം ഭേദമായതിനെത്തുടർന്നു വീട്ടിലേക്കു മടങ്ങിയത്. മസ്കറ്റിൽനിന്നു മേയ് 30ന് എത്തിയ പായിപ്പാട് സ്വദേശി(34) കോട്ടയത്തെ കോവിഡ് കെയർ സെന്ററിൽ കഴിയുകയായിരുന്നു.
രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ മൂന്നിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈയിൽനിന്ന് ട്രെയിനിൽ മേയ് 26ന് എത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശി(31) എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കോട്ടയത്തേക്ക് കെഎസ്ആർടിസി ബസിലും എത്തിയശേഷം ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.
മേയ് 27ന് മഹാരാഷ്്ട്രയിൽനിന്ന് വിമാനത്തിൽ എത്തിയ കങ്ങഴ സ്വദേശിനി (24) കങ്ങഴയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ഇവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മുംബൈയിൽനിന്ന് കഴിഞ്ഞ രണ്ടിന് എത്തിയ ഒളശ സ്വദേശിക്കും (24) കഴിഞ്ഞ നാലിന് ഡൽഹിയിൽ നിന്നെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്കു(34) മാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒളശ സ്വദേശിക്കു രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ സാന്പിൾ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഫലം വന്നതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനമാർഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്കു വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്നു തന്നെ ആശുപത്രിയിലേക്കുമാറ്റി സാന്പിൾ പരിശോധന നടത്തി. ഇപ്പോൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇയാൾക്കൊപ്പം എത്തിയ അമ്മയും ഭാര്യയും കുട്ടിയും കോട്ടയത്ത് ക്വാറന്റയിൻ സെന്ററിലാണ്.
രോഗം ബാധിച്ച് 21 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 10പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. വിദേശ രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ എത്തിത്തുടങ്ങിയതിനുശേഷം ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 49പേർക്ക്.
ഇതിൽ മീനടം സ്വദേശിയായ 58കാരനു മാത്രമാണ് സന്പർക്കം മൂലം രോഗം ബാധിച്ചത്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിയവരാണ്. ഇതിൽ 31 പേർ വിദേശ രാജ്യങ്ങളിൽനിന്നും 17പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് വന്നത്.
കോട്ടയം കാത്തിരിക്കുന്നത് 520 സ്രവ സാന്പിൾ ഫലങ്ങൾ
കോട്ടയം: ജില്ലയിൽ ഇനി ലഭിക്കാനുള്ളത് 520 പേരുടെ സ്രവ സാംപിൾ പരിശോധന ഫലങ്ങൾ. ഇന്നലെ 139 പേരുടെ സ്രവ സാംപിളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇന്നലെ ലഭിച്ചതു 193 പേരുടെ പരിശോധനാഫലമാണ്.
ഇതിൽ നിന്നുമാണ് മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 190 പേരുടെ ഫലവും നെഗറ്റീവാണ്. ഇന്നലെ പുതിയതായി 300 പേർക്കാണ് ഹോം ക്വാറന്റയിൻ നിർദേശിച്ചത്. ഇതിൽ 260 പേർ ഇതര സംസ്ഥാനത്തു നിന്നും 40 പേർ വിദേശത്തുനിന്നും എത്തിയവരാണ്. ജില്ലയിലാകെ 7795 പേരാണ് ഹോം ക്വാറന്റയിനിലുള്ളത്.