സ്വന്തം ലേഖകൻ
തിരുവില്വാമല: നാടു മുഴുവൻ ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങിയതോടെ ടിവിയില്ലാത്ത നിർധന വിദ്യാർഥിനി വിസ്മയക്ക് ടിവി നൽകാൻ എത്തിയ കോണ്‍ഗ്രസ് പ്രവർത്തകർ വീടു കണ്ട് അന്പരന്നു. നാലു ചുമരുകൾ മാത്രമുളള വീടായിരുന്നു വിസ്മയുടേത്.
വീടിനോടു ചേർന്ന് ഒരു ഷീറ്റും പ്ലാസ്റ്റിക് പേപ്പറുകളും കൊണ്ട് പാതി മറച്ച സ്ഥലത്തായിരുന്നു വിസ്മയയുടെ പഠനവും പാചകവും വീട്ടുസാധനങ്ങളും. തിരുവില്വാമല അന്പലം വഴിക്കു സമീപം കണിയാർകോട് പള്ളിപ്പെറ്റ അപ്പുനായരും ഭാര്യ ഉഷ കുമാരിയും മക്കളായ വിഷ്ണുവും വിസ്മയയും കഴിയുന്നത് വീടെന്ന് വിളിക്കാനാകാത്ത ഈ നാലുചുമരുകൾക്കുള്ളിലാണ്.
2012ൽ ഇ.എം.എസ് ഭവനപദ്ധതി വഴി ലഭിച്ച 75,000 രൂപയിൽ പൂർത്തിയാകാത്ത വീട് പകുതിയിൽ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതും കഴിഞ്ഞു. സാന്പത്തികപരാധീനത മൂലം പണി പൂർത്തീകരിക്കാനായില്ല. തിരുവില്വാമലയിൽ ഒരു കടയിൽ തയ്യൽപണിയാണ് അപ്പുനായർക്ക്. ലോക്ഡൗണ്‍ കാലത്ത് പണിയില്ലാതായി.
മകൻ വിഷ്ണു എറണാകുളത്ത് ബേക്കറിയിൽ ജോലി ചെയ്യുന്നു. അയൽവാസിയുടെ വീടിന്റെ ടെറസിന് മുകളിൽ ഷീറ്റ് മേഞ്ഞ ഭാഗത്താണ് രാത്രി മകളേയും ചേർത്തുപിടിച്ച് അപ്പുനായരും ഭാര്യയും ഉറങ്ങുന്നത്.
ഓണ്‍ലൈൻ പഠനത്തിനായി കോണ്‍ഗ്രസ് പ്രവർത്തകർ നൽകിയ ടിവി തൽക്കാലം വിസ്മയുടെ വീട്ടിൽ തന്നെ വെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പഠനത്തിൽ മിടുക്കിയായ വിസ്മയ പഴന്പാലക്കോട് എസ്.എം.എം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.