കോട്ടയം: സംസ്ഥാനത്ത് ഇന്നു സർവീസ് നടത്തുന്നത് ചുരുക്കം ചില സ്വകാര്യ ബസുകൾ മാത്രം. ബസിൽ കയറുന്ന യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വൻതുക നഷ്്ടം സഹിച്ചു ബസുകൾക്കു സർവീസ് നടത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായതോടെയാണ് പലരും സർവീസ് അവസാനിപ്പിച്ചത്.
സ്വകാര്യ ബസുകളിൽ സാമൂഹിക അകലം പാലിച്ചു കുറച്ചു യാത്രക്കാരുമായി നിയന്ത്രങ്ങളോടെ സർവീസ് നടത്തിയിരുന്നപ്പോൾ ബസുകളിൽ കയറിയിരുന്ന യാത്രക്കാർ പോലും ഇപ്പോൾ കയറുന്നില്ല. ആളുകൾക്കു കോവിഡ് ഭീതിയുള്ളതിനാൽ എല്ലാ സീറ്റുകളിലും ഇരുന്നു കൊണ്ടു യാത്ര ചെയ്യാൻ യാത്രക്കാർ തയാറാകുന്നില്ല.
അപരിചിതർക്കൊപ്പം യാത്ര ചെയ്യുന്നതിനോട് പലർക്കും യോജിപ്പില്ലെന്നും ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ പറയുന്നു. സർക്കാർ അനുമതി നല്കിയിട്ടും 30 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയത്.
ദിവസത്തിൽ ഒരു സ്വകാര്യ ബസ് സർവീസ് നടത്തുന്പോൾ ഡീസലിന്റെ ടാക്സ് ഇനത്തിൽ മാത്രം സംസ്ഥാന സർക്കാരിനു 1,000 രൂപയോളം ലഭിക്കുന്നുണ്ടെന്നും അസോസിയേഷൻ പറയുന്നു. കോട്ടയം ജില്ലയിലെ 1,050 സ്വകാര്യ ബസുകളിൽ ഇന്നലെ നിരത്തിലിറങ്ങിയതു 45 സ്വകാര്യബസുകളാണ്.
സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാത്തതോടെ യാത്ര ക്ലേശം രൂക്ഷമായിട്ടുണ്ട്. സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയതും യാത്രക്കാരുടെ എണ്ണം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ജില്ലയിൽ ഇന്നും രാവിലെ മുതൽ സർവീസ് ആരംഭിച്ചിരിക്കുന്നത് 50 സ്വകാര്യ ബസുകൾ മാത്രം.
സംസ്ഥാനത്തെ മറ്റു ജില്ലകളിലെ സാഹചര്യവും വ്യത്യസ്തമല്ല. സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നിർത്തിവച്ചതോടെ യാത്രാ ക്ലേശം രൂക്ഷമായി.