തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് രോഗികളും കോവിഡ് മരണങ്ങളും ഉണ്ടാകുന്നത് ആശങ്ക ഉയർത്തുന്നു. അഞ്ചു ദിവസത്തിനുള്ളിൽ അഞ്ഞൂറ് പേർക്കാണ് രോഗബാധയുണ്ടായത്. ഇന്നലെ 91 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു.
തുടർച്ചയായ മൂന്നു ദിവസത്തിനു ശേഷമാണ് ഇന്നലെ രോഗികളുടെ എണ്ണം നൂറിൽ താഴെയായത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സമൂഹവ്യാപന തോത് അളക്കാനുള്ള ആന്റി ബോഡി പരിശോധന ഇന്നു മുതൽ കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഇന്നലെയാണ് ആന്റിബോഡി പരിശോധന ആരംഭിച്ചത്. ആരോഗ്യപ്രവർത്തകരിലാണ് ആദ്യ പരിശോധന നടന്നത്. ആദ്യഘട്ടത്തിൽ പതിനായിരം പേരെ പരിശോധിക്കും. സമൂഹവുമായി അടുത്തിടപഴകുന്ന പോലീസുകാർ, അതിഥി തൊഴിലാളികൾ, റേഷൻ കടക്കാർ, മാധ്യമപ്രവർത്തകർ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് പരിശോധന നീളുക.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ വിദേശത്തു നിന്നും 15 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. തൃശൂരിൽ ഒരാൾക്കു സന്പർക്കത്തിലൂടെ രോഗം പിടിപെട്ടപ്പോൾ രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ പുതുതായി ആറു ഹോട്ട് സ്പോട്ടുകളാണുള്ളത്.
പാലക്കാട് ജില്ലയിലെ ഷൊർണൂർ, മലപ്പുറം ജില്ലയിലെ മൂർക്കനാട്, കുറുവ, കൽപകഞ്ചേരി, എടപ്പാൾ, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ നിലവിൽ ആകെ 150 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.