ലണ്ടൻ: ഈ മാസം 17ന് പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടീമുകൾ സ്വന്തം തട്ടകങ്ങളിൽ സൗഹൃദ മത്സരം സംഘടിപ്പിച്ചു. കൊറോണ വൈറസ് രോഗഭീതിയെത്തുടർന്ന് മാർച്ച് 13നുശേഷം ഇതുവരെ പ്രീമിയർ ലീഗിൽ പന്ത് ഉരുണ്ടിട്ടില്ല.
കൊറോണയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം പുനരാരംഭിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇപിഎൽ. ഇതിന്റെ ഭാഗമായാണ് ക്ലബ്ബുകൾ പരിശീലന സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചത്. ചെൽസി, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, നോർവിച്ച്, ന്യൂകാസിൽ തുടങ്ങിയ ടീമുകൾ സൗഹൃദപ്പോരാട്ടങ്ങൾക്കായി കളത്തിലിറങ്ങി.
ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം രണ്ട് പ്ലേയിംഗ് ഇലവണുകളായി പിരിഞ്ഞ് കളിച്ചു. മാർച്ച് എട്ടിന് മാഞ്ചസ്റ്റർ സിറ്റിയെ ഓൾഡ് ട്രാഫോഡിൽവച്ച് 2-0നു കീഴടക്കിയശേഷം യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ പന്തു തട്ടാനിറങ്ങിയത് ഇതാദ്യമായാണ്.
ഇന്റർ-സ്ക്വാഡ് മത്സരത്തിനു മുതിരാതെ ആഴ്സണൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ ചാൾട്ടണ് അത്ലറ്റിക്സിനെ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചു. മത്സരത്തിൽ എഡ്ഡി എൻകെതിഹിന്റെ ഹാട്രിക് മികവിൽ 6-0ന് ആഴ്സണൽ ജയം സ്വന്തമാക്കി.
കിരീടത്തിലേക്ക് കുതിക്കുന്ന ലിവർപൂൾ ഇന്ന് സ്വന്തം തട്ടകത്തിൽ സൗഹൃദത്തിനായി ഇറങ്ങും. ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് രണ്ട് ടീമായി മത്സരം നടത്തിയത്.