തൃശൂർ: ഓണ്‍ലൈൻ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർഥികൾക്കു സഹായവുമായി കെഎസ്എഫ്ഇ. ഓണ്‍ലൈൻ വിദ്യാസഹായി പദ്ധതി എന്ന പേരിൽ ക്ലബ്ബുകൾക്കോ അങ്കണവാടികൾക്കോ ലൈബ്രറികൾക്കോ മറ്റു പൊതുസ്ഥാപനങ്ങൾക്കോ വിദ്യാർഥികൾക്ക് ഓണ്‍ലൈൻ ക്ലാസ് ലഭ്യമാക്കുന്നതിനായി ടിവി വാങ്ങാനുള്ള സഹായമാണ് നല്‍കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ വകുപ്പുമായും സഹകരിച്ചാണ് പദ്ധതി.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ശിപാർശയോടെ അപേക്ഷ നൽകിയാൽ ടിവി വാങ്ങാനുള്ള തുകയുടെ 75 ശതമാനം കെഎസ്എഫ്ഇ നൽകുമെന്നു ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ബാക്കി 25 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അവർ നിർദേശിക്കുന്ന സ്പോണ്‍സർമാരോ നൽകും. സ്പോണ്‍സർമാരെ കണ്ടെത്തി ടിവി സ്ഥാപിച്ചശേഷം ബില്ല് ഏറ്റവും അടുത്തുള്ള കെഎസ്എഫ്ഇ ശാഖയിൽ ഹാജരാക്കിയാൽ തുക നൽകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്എഫ്ഇ ജീവനക്കാർ സംഭാവന ചെയ്ത തുകയായ 36 കോടി രൂപ ഈ പദ്ധതിക്കായി ഉപയോഗിക്കാനാണ് സർക്കാർ നിർദേശിച്ചതെന്നു ചെയർമാൻ പറഞ്ഞു. നിർധനരായ വിദ്യാർഥികൾക്കു ലാപ്ടോപ്പുകൾ വാങ്ങാനായി മൈക്രോ ചിട്ടി പദ്ധതിയും ആരംഭിക്കും.
അഞ്ഞൂറു രൂപ തവണസംഖ്യയും മുപ്പതു മാസം കാലാവധിയുമുള്ള ചിട്ടികളാണ് തുടങ്ങുക. കുടുംബശ്രീ അംഗങ്ങൾക്കു മാത്രമേ ഇതിൽ ചേരാൻ അർഹതയുണ്ടാകൂവെന്നു ചെയർമാൻ അറിയിച്ചു.
ചിട്ടിയിൽ ചേർന്നുകഴിഞ്ഞാലുടൻ എല്ലാ അംഗങ്ങൾക്കും മുൻകൂറായി 14,250 രൂപ ഉപയോഗിച്ച് ലാപ്ടോപ്പ് ലഭ്യമാക്കും. മുടക്കമില്ലാതെ ചിട്ടിത്തവണകൾ അടയ്ക്കുന്നവർക്കു മൂന്നു തവണകളിലെ 1500 രൂപ ഒഴിവാക്കും.
നിലവിലുള്ള ചിട്ടികളിൽ പലിശയും വായ്പകളിൽ പിഴപ്പലിശയും ഈ മാസം 30 വരെ ഒഴിവാക്കിയിട്ടുണ്ടെന്നു ചെയർമാൻ പറഞ്ഞു. പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യനും പങ്കെടുത്തു.