വൈപ്പിന്‍: പട്ടാപ്പകല്‍ സ്മാര്‍ട്ടായി ജ്വല്ലറിയിലെത്തി സെയില്‍സ് ഗേളിന്റെ കണ്മുന്നില്വച്ച് രണ്ട് പവന്റെ മാലയുമായി കടന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ ഞാറക്കല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആലപ്പുഴ എഴുപുന്ന കൈതപ്പറമ്പില് വീട്ടില്‍ താമസിക്കുന്ന ഞാറക്കല്‍ സ്വദേശി ചാരക്കാട്ട് ജീമോന്‍-24 ആണ് റിമാൻഡിലായത്. അതി സാമര്‍ഥ്യക്കാരനായ കള്ളനെ അതിലും സാമർഥ്യത്തോടെയാണ് പോലീസ് പതിനൊന്നു ദിവസത്തിനുള്ളില്‍ പിടികൂടിയത്.
മോഷ്ടിച്ച മാല അതേ പടി തന്നെ എറണാകുളം പശ്ചിമ മേഖലയിലെ ഒരു ജ്വല്ലറിയില്‍ നിന്നും പോലീസ് വീണ്ടെടുത്തു. മോഷണത്തിനുശേഷം തുറവൂര്‍ നാലുകുളങ്ങര ഭാഗത്തെ രസഹ്യ സങ്കേതത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന പ്രതിയെ ഞാറക്കല്‍ എസ്ഐ സംഗീത് ജോബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്.
ഏഴു മോഷണക്കേസുകളിലെ പ്രതിയായ ഇയാള്‍ കഴിഞ്ഞമാസം 27നാണ് ജ്വല്ലറിയില്‍ എത്തി മോഷണം നടത്തിയത്. മാലക്ക് വില ചോദിച്ചതിനെ തുടര്‍ന്ന് സെയില്‍സ് ഗേള്‍ മാല തൂക്കി വില കൂട്ടുന്നതിനിടയില്‍ പ്രതി മാലയെടുത്തു കഴുത്തിലിട്ടശേഷം കടന്നു കളയുകയായിരുന്നു.
ജ്വല്ലറിയിലെ സിസിടിവി കാമറയില്‍ നിന്നും മോഷ്ടാവിന്റെ ചിത്രം പോലീസിനു ലഭിച്ചെങ്കിലും ഇയാള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തയാളായതിനാലും ഒരിടത്തു സ്ഥിരമായി തങ്ങാത്തയാളായിരുന്നതിനാലും അന്വേഷണം വഴിമുട്ടി.
ഇതിനിടെ പോലീസ് പിന്തുടര്ന്നെത്തുമെന്നറിഞ്ഞ ഇയാൾ മോഷണത്തിനിടെ ഉപയോഗിച്ച സ്കൂട്ടര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഉപേക്ഷിച്ച സ്കൂട്ടര്‍ പോലീസ് കണ്ടെത്തുകയും അന്വേഷണത്തില്‍ ഇത് ആലപ്പുഴ ചുട്കാട് കവലയില്‍നിന്നും മോഷ്ടിച്ചതാണെന്ന് മനസിലാക്കുകയും ചെയ്തു.
പക്ഷേ മോഷ്ടാവ് ഒളിസങ്കേതത്തിലേക്ക് മാറിയതിനാല്‍ ആളെക്കുറിച്ച് പോലീസിനു ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെ പോലീസ് അന്വേഷണത്തിലെ അടവ് മാറ്റുകയും സ്ഥിരം മോഷ്ടാവായ പ്രതിയുടെ കൂട്ടാളികളെ ഓരോരുത്തരെയായി പൊക്കി ചോദ്യം ചെയ്യാനും തുടങ്ങിയതോടെ പ്രതിയെക്കുറിച്ച് കൂടുതല്‍ അറിയുകയും ഒളിസങ്കേതം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അന്വേഷണ സംഘത്തില്‍ എസ്ഐയെ കൂടാതെ എഎസ്ഐ ഷാഹിര്‍, സിപിഒമാരായ പി.എസ്. അരുണ്‍കുമാര്‍, മിറാഷ് എന്നിവരും ഉണ്ടായിരുന്നു.