പേരാമ്പ്ര: ഗള്‍ഫില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നിയമപരമായി പോരാട്ടം നടത്തിയ പേരാമ്പ്ര സ്വദേശി നിതിനിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഗ്രാമം.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുയിപ്പോത്ത് കുനിയില്‍ വീട്ടില്‍ റിട്ട.ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രാമചന്ദ്രന്റെ മകന് നിതിന്‍ ചന്ദ്രനാണ് (29) ദുബായിലെ താമസസ്ഥലത്ത് ഇന്നലെ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മരണ വിവരം അറിഞ്ഞതു മുതല്‍ ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ ഒരു ഗ്രാമം മുഴുവന്‍ ദു:ഖത്തിലായി.
നിതിനിനെ അവസാനമായി ഒരുനോക്ക് കാണാനായി കാത്തിരിക്കുകയാണ് ഗ്രാമം. കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മൃതദേഹം നാട്ടിലെത്തിക്കുകയുള്ളൂ. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. എല്ലാ നടപടികളും പൂര്‍ത്തിയായാല്‍ നാളെ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിതിനിന്റെ സുഹൃത്തുക്കള്‍.
ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് നിതിനും ഭാര്യ ആതിരയും ശ്രദ്ദേയരായത്. കൊവിഡ് ഭീതിക്കാലത്തെ പ്രവാസികളുടെ മടങ്ങിവരവിന് വഴിയൊരുക്കിയവരില്‍ നിതിന്‍ മുന്നിലായിരുന്നു.
മേയ് എട്ടിനാണ് നിയമയുദ്ധത്തിനൊടുവില്‍ ആതിര നാട്ടിലെത്തിയത്. ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആതിരയുടെ യാത്ര നീളുകയായിരുന്നു.
ആതിരയുള്‍പ്പെടെ നിരവധി പേരുടെ യാത്രയും അനിശ്ചിതത്വത്തിലായി. എന്നാല്‍ വരുന്നിടത്തുവച്ച് കാണാം എന്ന് കരുതിയിരിക്കാന്‍ ആതിരയും നിതിനും തയാറായില്ല . യാത്ര അനിശ്ചിതത്വത്തിലായ നൂറുകണക്കിനാളുകളുടെ പ്രതിനിധിയായി ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ അവര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
നല്ലൊരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ദുബായില്‍ മെക്കാനിക്കനല്‍ എഞ്ചിനീയറായ നിതിന്‍. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ദുബായിലെ അമരക്കാരനായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു.
ആതിരയുടെ മടക്കയാത്ര സംബന്ധിച്ചും വിവാദമുണ്ടായിരുന്നു. മടങ്ങി വരവിനുള്ള ടിക്കറ്റ് ഇന്‍കാസിന്റെ വകയായി സ്വീകരിച്ചതാണ് വിവാദത്തിന് കാരണമായത്. സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനുള്ള ഇന്‍കാസിന്റെ സ്നേഹ സമ്മാനമെന്ന് പറഞ്ഞാണ് ഷാഫി പറമ്പില്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കിയത്.
എന്നാല്‍ കഴിവുള്ളവര്‍ക്ക് എന്തിന് ടിക്കറ്റു നല്‍കണമെന്ന് പറഞ്ഞ് ചിലര്‍ ഇത് വിവാദമാക്കി. അതേസമയം സമ്മാനം സ്വീകരിക്കുമ്പള്തന്നെ തങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്നും പകരമായി രണ്ടു പേര്‍ക്കുള്ള ടിക്കറ്റ് തുക നല്‍കുമെന്നും നിതിനും ആതിരയും വ്യക്തമാക്കിയിരുന്നു. മാത്രമല്ല നാട്ടിലേക്ക് തിരിക്കും മുമ്പ് അവര്‍ അത് ഇന്‍കാസിന് കൈമാറുകയും ചെയ്തിരുന്നു.
ആതിരയെ നാട്ടിലേക്ക് അയയ്ക്കുമ്പോഴും നിതിന്‍ തിരിച്ചുവരാന്‍ ശ്രമിച്ചിരുന്നില്ല. അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടേണ്ടെന്ന് കരുതി നിതില്‍ യാത്ര ഒഴിവാക്കി.
പിഞ്ചോമനയെ കാണാനായി എത്താമെന്ന പ്രതീക്ഷയിലായിരുന്നു നിതിന്‍. കുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന നിതിനിന്റെ ആഗ്രഹത്തിനൊപ്പം നിന്ന ആതിര ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. പ്രിയപ്പെട്ടവനോട് യാത്രപറഞ്ഞ് പോരുമ്പോള്‍ ആതിര ഓര്‍ത്തു കാണില്ല… കുഞ്ഞോമനയെ കാണാന്‍ ഇനി നിതിന്‍ ഉണ്ടാവില്ലെന്ന്…
മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നിതിനിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.