മുക്കം: കൊടിയത്തൂർ പന്നിക്കോട് റോഡ് ഉയർത്തി നവീകരിച്ചതോടെ കാരക്കുറ്റി അങ്ങാടിക്ക് സമീപ്പം സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. മതിയായ സുരക്ഷ സംവിധാനമില്ലാതെ റോഡിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കുട്ടികളും മറ്റും അശ്രദ്ധമായി ഇതിലൂടെ സഞ്ചരിച്ചാൽ തന്നെ അപകടം ഉറപ്പാണ്.സ്കൂളുകൾ തുറക്കുന്നതോടെ സമീപ്പത്തെ എൽപി സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർ കാൽനടയായി സഞ്ചരിക്കുന്നതിനാൽ വലിയൊരു അപകടമാണ് ഇവിടെ കാത്തിരിക്കുന്നത്.
മഴക്കാലങ്ങളിൽ ഇതിന്റെ സമീപത്ത് കൂടി കുടയുമായി സഞ്ചരിച്ചാൽ തന്നെ അപകടം ഉറപ്പാണ്. വിദ്യാർഥികൾക്കും നാട്ടുകാർക്കും അപകടം വിതക്കുന്ന ഈ ട്രാൻസ്ഫോർമർ എത്രയും പെട്ടെന്ന് സുരക്ഷിത വലയം സ്ഥാപിക്കുകയോ, മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കൂകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നടക്കൽ ഭാഗത്തെ ട്രാൻസ്ഫോർമറും ,കാരക്കുറ്റി അങ്ങാടിയിലെ ട്രാൻസ്ഫോർമറും അപകട ഭീക്ഷണി മാറ്റണമെന്നാവശ്യപ്പെട്ട് യങ്ങ് സ്റ്റാർ കാരക്കുറ്റി പന്നിക്കോട് കെഎസ്ഇബി ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്.