കോട്ടയം: വിദ്യാർഥിനിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിൽ ബികോം പരീക്ഷയ്ക്ക് എത്തിയ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു പി. ഷാജി (20)യാണ് മരിച്ചത്.
ഹാൾടിക്കറ്റിന്റെ പുറകിൽ വിദ്യാർഥിനി കോപ്പിയടിക്കാനായി പാഠ ഭാഗങ്ങൾ എഴുതിയിരിക്കുന്ന കൈയ്യക്ഷരങ്ങൾ വിദ്യാർഥിനിയുടെത് തന്നെയാണോയെന്ന് പരിശോധിക്കുന്നതിനായി കാലിഗ്രാഫി ടെസ്റ്റ് നടത്തും. ഇതിനു പുറമെ വിദ്യാർഥിനിയുടെ ബുക്കുകൾ കൈയ്യക്ഷരങ്ങൾ ഒത്തുനോക്കുന്നതിനായി പോലീസ് വാങ്ങും.
പെണ്കുട്ടിയുടെ വീട്ടുകാർ, സുഹൃത്തുക്കൾ, ഒപ്പമിരുന്ന് പരീക്ഷ എഴുതിയവർ തുടങ്ങിയ എല്ലാവരിൽ നിന്നും പോലീസ് മൊഴിയെടുക്കും. ഒരു വിദ്യാർഥിനിയെ കോപ്പിയടിച്ചു പിടിക്കപ്പെട്ടാൽ എന്തെല്ലാം നടപടി ക്രമങ്ങളാണ് കോളജുകൾ പാലിക്കേണ്ടതെന്നു കാഞ്ഞിരപ്പള്ളി പോലീസ് യൂണിവേഴ്സിറ്റി അധികൃതരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ഇത്തരം നടപടി ക്രമങ്ങൾ കോളജിന്റെ ഭാഗത്തും നിന്നു പാലിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജില്ലാ പോലീസ് ചീഫ് ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു കോളജിലെത്തി പരിശോധന നടത്തും.
അതേസമയം വിദ്യാർഥിനിയുടെ മരണം വെള്ളം ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥിനിയുടെ അന്നനാളത്തിലും ശ്വാസ കോശത്തിലും വെള്ളവും ചെളിയും നിറഞ്ഞനിലയിലായിരുന്നു. ഇതാണ് മരണകാരണമായതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ആറ്റിലെ വെള്ളവും ശരീരത്തിനുള്ളിൽ നിന്നും കണ്ടെത്തിയ വെള്ളവും ഒന്നു തന്നെയാണോയെന്ന് കണ്ടെത്താൻ രാസ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. അഞ്ജുവിന്റെ മൃതദേഹം സംസ്കരിക്കുന്നതിനു മുന്നോടിയായി ഇന്നലെ ചേർപ്പുങ്കൽ കോളജിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.
മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുകൊടുത്തപ്പോൾ ബന്ധുക്കളെ ആംബുലൻസിൽ കയറ്റാതെ പോലീസ് പുറപ്പെട്ടുവെന്ന് ആരോപിച്ചും പ്രതിഷേധമുയർന്നിരുന്നു. കുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെടുത്തശേഷമാണു കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയത്.
ഹാൾ ടിക്കറ്റിൽ എഴുതിയതിന്റെ കോപ്പി ചോദിച്ചപ്പോൾ ബന്ധുക്കൾക്കു നൽകിയില്ല. പ്രതിഷേധത്തിനിടെ പി.സി. ജോർജ് എംഎൽഎ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ അടക്കമുള്ളവർ എത്തിബന്ധുക്കളുമായി സംഭാഷണം നടത്തി ഉന്നതതല അന്വേഷണം നടത്താൻ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയായിരുന്നു.