സ്വന്തം ലേഖകന്‍
കോഴിക്കോട്: കണ്മണിയെ കാണാന്‍ നിതിന്‍ … നീ ഒന്നുണര്ന്നിരുന്നെങ്കില്… നെടുവീര്‍പ്പോടെ ഒരു നാട് മൊത്തം അതാഗ്രഹിക്കുകയാണ്. ഒരിക്കല്‍ പോലും നടക്കില്ലെന്നറിഞ്ഞിട്ടും.
ഭാര്യയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് നൊമ്പരപ്പൂവായ് മറഞ്ഞ നിതിന്റെ മൃതദേഹം ഉച്ചയോടെ ആംബുലന്‍സില്‍ കോഴിക്കോട്ടെത്തിക്കും. നിതിന്റെ ഭാര്യ ആതിര പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്.
ഇവരെ കാണിക്കാനായി മൃതദേഹം ആദ്യം ആശുപത്രിയിലെത്തിക്കും. അതിനുശേഷം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ട് പോകും. വൈകിട്ട് സംസ്കാരം നടത്തും. തിങ്കളാഴ്ചയാണ് ദുബായില്‍ ഹൃദയാഘാതം മൂലം നിതിന്‍ മരിച്ചത്. നിതിന്‍ മരിച്ചതറിയാതെ ആതിര പ്രസവിച്ചു. പിതാവ് പോയതറിയാതെ ആ കുഞ്ഞുമാലാഖ ആദ്യമായി കരഞ്ഞു.
നിതിന്റെ മരണം ആതിരയെ അറിയിച്ചതിനെ ത്തുടർന്ന് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ആശുപത്രി പരിസരം സാക്ഷ്യം വഹിച്ചത്.
കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിതിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു.
സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
ഏഴുമാസം ഗര്‍ഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിന്‍ പറഞ്ഞിരുന്നു. പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു.
അന്ന് ഭാര്യയ്ക്കൊപ്പം നാട്ടില്‍ പോകാന്‍ നിതിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്. ആതിര നാട്ടിലേക്ക് മടങ്ങി, നിതിന്‍ മരണത്തിലേക്കും.
സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഇടപെടലുണ്ടാക്കിയതിനുള്ള നന്ദി സൂചകമായി ഷാഫി പറമ്പില്‍ എംഎല്‍എ ആതിരയ്ക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റ് വാങ്ങാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിതിനും പകരം രണ്ടു പേര്‍ക്ക് ടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.
അച്ഛനാകാന്‍ പോകുന്ന സന്തോഷത്തോടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്. താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതാണ് കാരണമെന്ന് പറയുന്നു.
സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായ നിതിന്‍ സാമൂഹികസേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കേരളാ ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ യുഎഇയിലെ കോ-ഒാർഡിനേറ്ററാണ്. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തകരിലൊരാളുമായിരുന്നു.
ഒരു വര്‍ഷം മുന്‍പ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സിച്ചിരുന്നു. വീണ്ടും അസുഖം വന്നിരുന്നുവെന്നും എന്നാല്‍ ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.