കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ എട്ടു പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും രണ്ടു പേർ രോഗമുക്തരാവുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച എട്ടു പേരിൽ ഏഴു പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽനിന്നും എത്തിയതാണ്.
ഇതിൽ നാലു പേർ ഒരു വിമാനത്തിലെ യാത്രികരായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴയിലെ കോവിഡ് കെയർ സെന്ററിൽ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(36), കൊല്ലാട് സ്വദേശി(59), പെരുന്പായിക്കാട് സ്വദേശി (58), മാങ്ങാനത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കടുത്തുരുത്തി വല്ലശേരി സ്വദേശി (26) എന്നിവരാണ് മേയ് 27ന് അബുദാബി-കൊച്ചി വിമാനത്തിൽ എത്തിയത്.
ഇവർക്കു പുറമെ മേയ് 28ന് താജിക്കിസ്ഥാനിൽ നിന്നെത്തി കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറന്പ് സ്വദേശിനി (19), കങ്ങഴ സ്വദേശി(21), ഇതേ ദിവസം ദുബായിൽനിന്നെത്തി മാങ്ങാനത്തെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന നാലു കോടി സ്വദേശി (54), ജൂണ് മൂന്നിന് ഡിൽഹിയിൽനിന്ന് വിമാനത്തിലെത്തി കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശിനി (34) എന്നിവരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
മുളക്കുളം സ്വദേശിനിയുടെ ഭർത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ 33 ദിവസം പ്രായമുള്ള കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂർ സ്വദേശിയു(32)മാണ് രോഗമുക്തരായത്. മേലുകാവ് സ്വദേശി അബുദാബിയിൽനിന്നും വെള്ളാവൂർ സ്വശേശി മഹാരാഷ്്ട്രയിൽനിന്നുമാണ് നാട്ടിലെത്തിയത്.
ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 39 ആയി. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 41 ആയി. ജില്ലയിലുള്ളവരിൽ 21 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 19 പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ്.
ഇന്നലെ 1092 പേരെ ഹോം ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയപ്പോൾ പുതിയതായി 497 പേർക്ക് ഹോം ക്വാറന്റൈൻ നിർദേശിച്ചു. ഇതിൽ 426 പേർ ഇതര സംസ്ഥാനത്തു നിന്നും 71 പേർ വിദേശ രാജ്യത്തു നിന്നും കോട്ടയത്ത് എത്തിയവരാണ്.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും സെക്കൻഡറി കോണ്ടാക്റ്റുകളായ ഒരാളെപ്പോലും ഇന്നലെ കണ്ടെത്തിയിട്ടില്ല. 7094 പേരാണ് ജില്ലയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നത്.
കോട്ടയം കാത്തിരിക്കുന്നത് 626 സ്രവ സാന്പിൾ ഫലങ്ങൾ
കോട്ടയം: ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 626 സ്രവ സാംപിൾ പരിശോധന ഫലങ്ങൾ. ഇന്നലെ ലഭിച്ച 81 പരിശോധന ഫലങ്ങളിൽ നിന്നാണ് എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 73 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. 185 പേരുടെ സ്രവ സാംപിളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. ജില്ലയിൽ ഇതു വരെ 7094 പേരാണ് സ്രവ പരിശോധനകൾക്കു വിധേയനായത്.