സ്വന്തം ലേഖകൻ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബു വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇടക്കിടെ വരാറുള്ള അജ്ഞാത ഫോണ്‍കോളുകൾ ഇനി പഴങ്കഥ. ഇപ്പോഴിതാ ക്ഷേത്രത്തിലേക്ക് കോവിഡ് ബോംബിന്റെ ഭീഷണി മുഴക്കിയുള്ള വിളിയെത്തിയിരിക്കുന്നു!
ക്ഷേത്രം തുറന്ന് ദർശനസൗകര്യം ഒരുക്കി ഒരു ദിവസം പിന്നിടുന്പോഴേക്കും കോവിഡ് ഭീഷണിയുമായി ക്ഷേത്രത്തിലേക്ക് ഫോണ്‍കോളെത്തി.
ഇന്നു ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളിലൊന്നിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടീഷന് കോവിഡുണ്ടെന്നായിരുന്നു ഇന്നുരാവിലെ ഏഴേമുക്കാലിന് ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് വന്ന ഫോണ്‍കോൾ.
വിളിച്ചയാൾ എറണാകുളത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറയുകയും തന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ കൂടുതൽ കാര്യങ്ങളും ഫോണ്‍ നന്പറും ചോദിച്ചപ്പോൾ കക്ഷി ഫോണ്‍ കട്ടു ചെയ്തു. ഇയാളുടെ പേര് യഥാർഥമാണോ എന്നതിൽ സംശയമുണ്ട്.
എന്നാൽ ഭീഷണിയുടെ സ്വരമായിരുന്നില്ലെന്നും വിളിച്ചയാൾ ഒരു മുൻകരുതലെടുക്കാൻ വേണ്ടി പറയും പോലെയാണ് തോന്നിയതെന്നുമാണ് ക്ഷേത്രത്തിൽ ഫോണെടുത്തയാൾക്ക് തോന്നിയതത്രെ. ഫോണ്‍ വന്ന വിവരം ഗുരുവായൂർ ദേവസ്വം അധികൃതർ ടെന്പിൾ പോലീസിനേയും ആരോഗ്യവകുപ്പിനേയും അറിയിച്ചു.
ഇരുപതോളം കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുന്നത്. ഓരോ കല്യാണപാർട്ടിയേയും ആരോഗ്യവകുപ്പ് പരിശോധിച്ചു. പോലീസ് എല്ലാ കല്യാണപാർട്ടികളുടേയും പേരും വിശദാംശങ്ങളും ശേഖരിച്ചു. ഫോണ്‍കോളിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.