ശശികുമാർ പകവത്ത്
തിരുവില്വാമല: നാലു ചുമരുകൾ മാത്രമുള്ള വീട് ഇനി വിസ്മയക്ക് പതിയെ മറക്കാം. മേൽക്കൂരയും അടച്ചുറപ്പുമില്ലാത്ത വീട്ടിൽ കഴിയാനാകാതെ അയൽവാസിയുടെ ടെറസിൽ അന്തിയുറങ്ങുന്ന വിസ്മയയുടെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതിക്ക് പരിഹാരമാകുന്നു.
വിസ്മയയുടെ ദുരിതം കണ്ടറിഞ്ഞ തിരുവില്വാമല ലയണ്‍സ് ക്ലബ്, വില്വാദ്രി പാന്പാടി ലയണ്‍സ് ക്ലബ്, വാട്സ്ആപ്പ് കൂട്ടായ്മയായ കൈകോർത്ത് തിരുവില്വാമല എന്നിവർ ചേർന്ന് നാലു ചുമരകൾ മാത്രമുള്ള വീട്ടിനു മേൽക്കൂര നിർമിച്ച് വാതിലുകളും ജനലും വൈദ്യുതി കണക്ഷൻ അടക്കം താമസിക്കാനുള്ള സൗകര്യങ്ങളോടെ വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചു.
വിസ്മയയുടെ കഷ്ടപ്പാടുകളും വീടിന്റെ ദയനീയാവസ്ഥയും രാഷ്ട്രദീപിക കഴിഞ്ഞ ദിവസം ചിത്രം സഹിതം റിപ്പോർട്ടു ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സുമനസുകൾ ഈ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടു വന്നിരിക്കുന്നത്.
ഓണ്‍ലൈൻ പഠനത്തിന് ടിവി ഇല്ലാത്ത വിസ്മയക്ക് ടിവി നൽകാനായി കോണ്‍ഗ്രസ് പ്രവർത്തകർ എത്തിയപ്പോഴാണ് വീടെന്ന് വിളിക്കാൻ കഴിയാത്ത ആ വീടിന്റെ പരിതാപകരമായ അവസ്ഥ കണ്ടത്.
തിരുവില്വാമല അന്പലം വഴിക്കു സമീപം കണിയാർകോട് പള്ളിപ്പെറ്റ അപ്പുനായരും ഭാര്യ ഉഷ കുമാരിയും മക്കളായ വിഷ്ണുവും വിസ്മയയും ഈ നാലു ചുമരുകൾക്കുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്.
അയൽവാസിയുടെ വീടിൻറെ ടെറസിന് മുകളിൽ ഷീറ്റ് മേഞ്ഞ ഭാഗത്താണ് രാത്രി മകളേയും ചേർത്തുപിടിച്ച് അപ്പുനായരും ഭാര്യയും ഉറങ്ങുന്നത്. വിസ്മയ പഴന്പാലക്കോട് എസ്.എം.എം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
തങ്ങളെ സഹായിക്കാൻ സൻമനസുകാണിച്ചവരോടും തങ്ങൾക്കുറങ്ങാൻ സൗകര്യമൊരുക്കിത്തരുന്ന അയൽവാസിയോടുമെല്ലാമുള്ള കടപ്പാടും നന്ദിയും പറയുന്പോൾ വിസ്മയക്കും കുടുംബത്തിനും കണ്ണു നിറയുന്നു.