കൊച്ചി: കോവിഡ് 19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 80 വയസുള്ള തൃശൂര്‍ സ്വദേശിനിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നേരത്തേ, മുംബൈയില്‍നിന്നെത്തിയ ഇവരെ രോഗ ലക്ഷണം കണ്ടത്തിയതിനെത്തുടര്‍ന്നു റെയില്‍വേ സ്റ്റേഷനില്‍നിന്നും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്വാസകോശ അണുബാധയ്ക്കൊപ്പം വൃക്ക രോഗത്തിനും ഇവർ ചികിത്സയിലാണ്.
നിലവില്‍ 58 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ മെഡിക്കല്‍ കോളജില്‍ 54 പേരും ഐഎന്‍എസ് സഞ്ജീവനിയില്‍ നാലുപേരുമാണ് ചികിത്സയിലുള്ളത്.
ഇന്നലെ നാല് പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെയാണു രോഗികളുടെ എണ്ണം വര്‍ധിച്ചത്. ഇന്നലെ ജില്ലയല്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കു പുറമേ കോഴിക്കോട് സ്വദേശിയായ ഒരാളും കളമശേരിയില്‍ ചികിത്സയിലുണ്ട്.
കഴിഞ്ഞ 30ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 44 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും, കഴിഞ്ഞ അഞ്ചിന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള നെടുന്പാശേരി സ്വദേശിയും ഇന്നലെ രോഗമുക്തി നേടി.
അതിനിടെ, 639 പേരെകൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 280 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,619 ആയി.
ഇതില്‍ 10,283 പേര് വീടുകളിലും, 538 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 798 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളജില്‍ മൂന്നും, സ്വകാര്യ ആശുപത്രികളിലായി അഞ്ചുപേരുമാണ് നിരീക്ഷണത്തിലുള്ളത്.
വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളജില്‍നിന്ന് ഒരാളെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍നിന്ന് രണ്ടുപേരെയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍നിന്നും ഒരാളെയും സ്വകാര്യ ആശുപത്രികളില്‍നിന്നായി ഏഴ് പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
നിലവില്‍ 102 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഏറ്റവും കൂടുതല്‍ പേര് മെഡിക്കല്‍ കോളജിലാണു നിരീക്ഷണത്തിലുള്ളത്.
ഇവിടെ 66 പേരും സ്വകാര്യ ആശുപത്രികളിലായി 29 പേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ ഒരാളും ഐഎന്‍എസ് സഞ്ജീവനിയില്‍ നാലുപേരുമാണു നിരീക്ഷണത്തിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു.