പുനലൂര്‍: നിര്‍മാണം നടന്നുവരുന്ന മലയോര ഹൈവേയുടെ വശം വീണ്ടും ഇടിഞ്ഞുതാഴുന്നു. പുനലൂരില്‍ അടുക്കളമൂല ജങ്ഷനും ലൂര്‍ദ്മാതാ പള്ളിയ്ക്കും മധ്യേ റോഡ് ഇടിഞ്ഞുതാണു.
ഇവിടെ ടാര്‍ചെയ്ത ഭാഗം വിണ്ടുകീറിയിട്ടുണ്ട്. ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ച ഇവിടെ കൃത്യമായി മണ്ണിട്ട് നികത്താത്തതാണ് റോഡ് ഇരുത്താന്‍ കാരണം. രണ്ടാഴ്ച മുന്‍പ് കരവാളൂര്‍ പിറയ്ക്കല്‍ പാലത്തിന് സമീപം സമാനരീതിയില്‍ പാര്‍ശ്വഭിത്തിയോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് റോഡ് ഇരുത്തിയിരുന്നു.
കഴിഞ്ഞദിവസങ്ങളിലെ മഴയ്ക്ക് ശേഷമാണ് അടുക്കളമൂലയില്‍ റോഡ് ഇരുത്തിയത്. ഇവിടെ അപകട സ്ഥിതിയുണ്ട്. അമിതഭാരമുള്ള വാഹനങ്ങള്‍ കടന്നുപോയാല്‍ പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡ് തോട്ടിലേയ്ക്ക് ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്.
റോഡില്‍ വിള്ളല്‍ വീണ ഭാഗത്ത് വീപ്പ നിരത്തി അപകട സൂചന നല്‍കിയിരിക്കുകയാണ്. ടാര്‍ ചെയ്ത് ഭാഗം നീക്കം ചെയ്ത് വീണ്ടും മണ്ണ് ഉറപ്പിച്ചശേഷമേ ഇവിടെ അപകടസാധ്യത ഒഴിയൂ.
മലയോര ഹൈവേ നിര്‍മാണത്തിനായി മടത്തറ ചല്ലിമുക്ക് മുതല്‍ പുനലൂര്‍ കെഎസ്ആര്‍ടിസി. ജങ്ഷന്‍വരെയുള്ള 46.1 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. ഇതില്‍ 40 കിലോമീറ്റര്‍ ദൂരം ഒന്നാംഘട്ട ടാറിങ്(ബിഎം) പൂര്‍ത്തിയായിട്ടുണ്ട്.
എന്നാല്‍ മഴ ആരംഭിച്ചതോടെ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടാവുകയാണ്. വരുന്ന ഓഗസ്റ്റിനുള്ളിലാണ് ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. കോവിഡ്-19 പശ്ചാത്തലത്തില്‍ ഒന്നര മാസത്തോളം പണി നിലച്ചിരുന്നു.