തെന്മല : തെന്മല വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ കടന്നു മയിലിനെ വേട്ടയാടി ഇറച്ചിയാക്കിയ സംഭവത്തില്‍ കണ്ടെടുത്ത തോക്കുകളെ സംബന്ധിച്ച അന്വേഷണം പോലീസിനു കൈമാറി. കുളത്തുപ്പുഴ പോലീസാണ് ആയുധ നിയമ പ്രകാരം കേസ് അന്വേഷിക്കുക.
ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് കുളത്തുപ്പുഴ റോക്ക്-വുഡ് എസ്റ്റേറ്റില്‍ നിന്നും മയിലിറച്ചിയുമായി മൂന്നംഗ സംഘത്തെ വനപാലക സംഘം അറസ്റ്റ് ചെയ്യുന്നത്.
കുളത്തുപ്പുഴ റോക്ക്-വുഡ് എസ്റ്റേറ്റ് മാനേജര്‍ റാന്നി നെല്ലിക്കാമണ്‍ സ്വദേശി സെന്‍ ജയിംസ് (34), എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തൊടുപുഴ ആലക്കോട് സ്വദേശി സിജോ ജോയ് (42), എസ്റ്റേറ്റ് ജീവനക്കാരന് കുളത്തുപ്പുഴ ചെമ്പനഴികം സ്വദേശി ഷാജി (51) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും ആറു തോക്കുകളും വനപാലകര്‍ കണ്ടെത്തി. മൂന്നു നാടന്‍ തോക്കുകള്‍, ലൈസന്‍സ് ഉള്ള രണ്ട് തോക്കുകള്‍, എയര്‍ പിസ്റ്റള്‍ ഇനത്തില്‍പെട്ട തോക്ക് എന്നിങ്ങനെയാണ് വനപാലകര്‍ കണ്ടെടുത്തത്.
കണ്ടെടുത്ത ഒരു തോക്ക് വിദേശ നിര്‍മ്മിതവും ഒരുലക്ഷത്തിലധികം രൂപ വിലവരുന്നതുമാണ്. ഒന്നിലധികം തോക്കുകള്‍ കണ്ടെത്തിയതോടെയാണ് വനം വകുപ്പ് കേസ് പോലീസിന് കൈമാറിയത്. ഇവര്‍ക്ക് തോക്ക് എവിടെ നിന്നും ലഭിച്ചു, തോക്കുകള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും.
ഇതിനായി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ തോക്കുകള്‍ കണ്ടെടുത്ത സംഭവത്തില്‍ വ്യക്തത ഉണ്ടാകുവെന്നും കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെഎസ് വിജയന് പറഞ്ഞു.
കേസ് കൈമാറിയതോടെ കൊല്ലത്തും നിന്നും എത്തിയ പോലീസിന്റെ ആര്‍മര്‍ വിഭാഗം തോക്കുകള്‍ പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും.