പെരിന്തൽമണ്ണ :യുവതിയുടെ അണ്ഡാശയത്തിൽ നിന്നു മുടി നിറഞ്ഞ മുഴ നീക്കം ചെയ്തു. പൊന്നാനി സ്വദേശിനിയായ യുവതിയെയാണ് കഠിനമായ വയറുവേദനയെ തുടർന്നു പെരിന്തൽമണ്ണയിലെ എആർഎംസി ഏജിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ അണ്ടാശയത്തിൽ 20 സെന്റീമീറ്റർ വലുപ്പത്തിലുള്ള മുഴ കണ്ടെത്തി. തുടർന്നു താക്കോൽ പഴുതു ശസ്ത്രക്രിയയിലൂടെ മൂഴ പുറത്തെടുത്തു. ഡോ. കുഞ്ഞിമൊയ്തീൻ നേതൃത്വം നൽകിയ ശസ്ത്രക്രിയയിൽ ഡോ. ജിതേന്ദ്ര, ഡോ. സംഗീത, ഡോ. അശ്വതി എന്നിവർ പങ്കെടുത്തു.
ചെറിയ വലുപ്പത്തിൽ ഇത്തരത്തിൽ മുഴകൾ കാണാറുണ്ടെങ്കിലും ഇത്ര വലുതായി കാണപ്പെടുന്നത് അപൂർവമാണെന്നു ഡോക്ടർമാർ പറഞ്ഞു. ഇരുനൂറ്റന്പത് ഗ്രാം മുടിയും എല്ലിൻ ഭാഗങ്ങളുമാണ് മുഴയിൽ കാണപ്പെട്ടത്.
ഇത്തരത്തിലുള്ള മുഴകൾ വന്ധ്യത, ആർത്തവ സമയത്തെ അമിത രക്തസ്രാവം, ആർത്തവ വൈകല്യങ്ങൾ എന്നിവക്കിടയാക്കാമെന്നു വന്ധ്യതാ ചികിത്സാ വിധഗ്ധൻ ഡോ.കുഞ്ഞിമൊയ്തീൻ പറഞ്ഞു. സ്കാനിംഗ് പരിശോധനയിലോ മറ്റോ ഇത്തരത്തിലുള്ള തകരാറുകൾ കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടണം.
ഓവറിയിലെയും ഗർഭപാത്രത്തിലെയും വിവിധ തരത്തിലെ മുഴകൾക്കുള്ള താക്കോൽ പഴുതു ശസ്ത്രക്രിയകൾക്കുള്ള ആധുനിക സൗകര്യങ്ങൾ എആർഎംസി ആശുപത്രിയിൽ ലഭ്യമാണെമെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. നിലാർ മുഹമ്മദ് വ്യക്തമാക്കി.