നിലമ്പൂർ: ഒരൊറ്റ കിക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ് കീഴടക്കി ചാലിയാറിന്റെ സ്വന്തം ജസീൽ. ഈ മികച്ച ഗോൾ ഇതുവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടത് 59 ലക്ഷം പേർ.
ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങളുള്ള 433 എന്ന ഇൻസ്റ്റഗ്രാമിൽ അഞ്ചു ദിവസം കൊണ്ട് 59 ലക്ഷവും കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷൽ ഇൻസ്റ്റഗ്രാം പേജിൽ രണ്ടുലക്ഷം പേരും ജസീലിന്റെ മികച്ച ഗോൾ കണ്ടുകഴിഞ്ഞു.
ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ താഴെ കളം കുഞ്ഞിമയുടെ മകനും എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വണ് വിദ്യാർഥിയുമായ ജസിൽ ഒരൊറ്റ കിക്കു കൊണ്ടാണ് ഒരു നാടിന്റെ താരമായി മാറിയത്.
അർജന്റീനയുടെ മെസിയാണ് ഇഷ്ടതാരം. ഒന്നാം ക്ലാസ് മുതൽ ജേ്യഷ്ഠനായ ജംഷീദിനൊപ്പം വീടിന് സമീപത്തെ പാടത്തുള്ള ഫുട്ബോൾ മൈതാനത്തിൽ ജസീൽ ഫുട്ബോൾ കളി തുടങ്ങി.
സ്കൂൾ ടീമിലുമുണ്ടായിരുന്നു. ചാലിയാർ ഫുട്ബോൾ അക്കാഡമിയിൽനിന്ന് പരിശീലനം നേടിയിട്ടുണ്ട്. തന്റെ കിക്ക് മികച്ച ഗോളുകളിലൊന്നായി മാറിയതിന്റെ അമ്പരപ്പ് ഈ പതിനാറുകാരന്റെ മുഖത്തുനിന്ന് ഇനിയും മാറിയിട്ടില്ല.
മഴക്കാലത്ത് വെള്ളം നിറഞ്ഞ് കിടക്കുന്ന മൈതാനത്തിൽനിന്നാണ് ജസീൽ തന്റെ വിസ്മയ ഗോൾ നേടിയത്. ഗ്രൗണ്ട് ഇല്ലാത്തതിനാൽ രണ്ടു മാസത്തേക്ക് 10,000 രൂപ നൽകി കളിസ്ഥലം പാട്ടത്തിനെടുത്തെങ്കിലും കോവിഡ്-19 കാരണം ഒന്നര മാസം നഷ്ടമായെന്ന് ജസീലിനൊപ്പം കളിക്കുന്ന നവാസ് പറഞ്ഞു.
താരമായി മാറിയതോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ചാലിയാർ പഞ്ചായത്തിൽ ജസീലിനെ ആദരിക്കുന്ന ചടങ്ങുകളും നടന്നുവരുന്നു. നമ്പൂരിപ്പൊട്ടി സ്വദേശി ആമീനാണ് ജസീലിന്റെ തരംഗമായി മാറിയ വീഡിയോ പോസ്റ്റ്ചെയ്തത്.