ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് മഹമാരി ബാധിച്ചവരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996 പേര്‍ക്ക് രോഗം ബാധിച്ച് രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,86,576 ആയി. 357 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
വൈറസ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് ഒറ്റദിവസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. 24 മണിക്കൂറിനിടെ 357 പേര് മരിച്ചതടക്കം ആകെ മരണസംഖ്യ 8,102 ആകുകയും ചെയ്തു.
രാജ്യത്ത് ചികിത്സയിലുള്ളതിനേക്കാള് ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നുള്ളതാണ് നേരിയ ആശ്വാസം നല്‍കുന്നത്. 1,37,448 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,41,029 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആകുകയും 3,438 പേര് മരിക്കുകയും ചെയ്തു. മുംബൈയില്‍ മാത്രം 52,667 കോവിഡ് രോഗികളാണുള്ളത്. 1,857 ഇവിടെ മരിച്ചു. മഹാരാഷ്ട്രയിൽ ഏറ്റവും പുതിയതായി റിപ്പോര്‍ട്ടു ചെയ്ത 149 മരണങ്ങളില്‍ 97 പേര് മുംബൈയിലാണ് മരിച്ചത്.
15 പേര് താനയിലും 10 പേര് പൂനെയിലും ഏഴു പേര് ഔറംഗാബാദിലും ജാല്ഗണിലും നവി മുംബൈയിലും അഞ്ചു പേര് വീതവും മൂന്നു പേര് ഉല്ഹസന് നഗറിലും വസായി-വിരാറിലും അകോളയിലും രണ്ടു പേര് വീതവും ബീഡ്, അമരാവതി, ഗഡ്ചിറോലി എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതവുമാണ് മരിച്ചത്.
ഗുജറാത്തില്‍ 1,347 പേരാണ് മരിച്ചത്. 21,521 പേര്‍ക്കാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 36,841 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 326 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 32,810 പേര്‍ക്ക് രോഗം കണ്ടെത്തി. 984 പേര് മരിച്ചു.
ലോകത്താകമാനം 74,58,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,19,020 പേർ കോവിഡ് ബാധിച്ച് മരിച്ചു. 37,78,218 പേർ ഇതുവരെ രോഗമുക്തി നേടി.