വടകര: പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നതിനാല്‍ ഒഴിവാക്കിയ ജലവൈദ്യുത പദ്ധതിയായ ആതിരപ്പള്ളിക്ക് വീണ്ടും എന്‍ഒസി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രകൃതിയെ കൊള്ളയടിക്കാനാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ആരോപിച്ചു.
കോവിഡിന്റെ ഭീതിയില്‍ ജനം വിറങ്ങലിച്ചു നില്ക്കുമ്പോള് തീവെട്ടിക്കൊള്ളയാണ് പിണറായി സര്‍ക്കാര്‍ ഇതിനകം നടത്തി കൊണ്ടിരിക്കുന്നത്. സ്പ്രിംഗ്ലര്‍, മദ്യനയം എന്നിവ ഇതിനകം വിവാദമായി സര്‍ക്കാര്‍ പ്രതികൂട്ടില്‍ നില്‍ക്കുകയാണ്.
നീണ്ട നാല്‍പ്പതു വര്‍ഷം കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും പൊതു സമൂഹത്തിന്റെയും സന്ധിയില്ലാത്ത പോരാട്ടത്തിനൊടുവിലാണ് ആതിരപ്പള്ളി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ടു പോയത്.
പരിസ്ഥിതി സൗഹൃദവികസനമെന്ന എല്‍ഡിഎഫ് വാഗ്ദാനം കാറ്റില്‍ പറത്തി പരിസ്ഥിതിയെ സമാനതകളില്ലാതെ തകര്‍ത്തെറിയാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരമൊരുക്കുയാണ് സര്‍ക്കാര്‍ നിരന്തരം ചെയ്യുന്നത്.
വിദഗ്ധ ശാസ്ത്രീയ പഠനങ്ങളെല്ലാം വമ്പിച്ച പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് മറ്റൊരു കൊള്ളയടിക്കുള്ള അവസരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുയര്‍ത്തി കൊണ്ടുവരണമെന്നും വേണു ആവശ്യപ്പെട്ടു.