മാഹി: മഴ കനക്കാന്‍ തുടങ്ങിയതോടെ മാഹി പുഴയോരവാസികളായ കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍ ആശങ്കയില്‍. മാഹി ബൈപാസ് നിര്‍മാണത്തിനായി മാഹി പുഴയില്‍ അഴിയൂര്‍ കക്കടവ് ഭാഗത്ത് നിര്‍മിച്ച ബണ്ട് പൂര്‍ണമായും നീക്കം ചെയ്യാത്തതാണ് പുഴയോര വാസികളെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് ബണ്ട് പൊളിക്കാഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍, ജില്ലകളിലെ കരിയാട്, ഒളവിലം, ന്യൂമാഹി, പെരങ്ങത്തൂര്‍, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഏറാമല, പഞ്ചയാത്തുകളിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറുകയും വലിയ നാശ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
പിന്നീട് ജില്ലാ ഭരണകൂടം ഇടപെട്ട് കരാറുകാരെ കൊണ്ട് ബണ്ട് പൊളിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവിടങ്ങളിലെ വെള്ളം ഇറങ്ങിയത്. പിന്നീട് മഴയ്ക്ക് ശേഷം ബൈപാസ് നിര്‍മാണത്തിനായി വീണ്ടും ബണ്ട് പണിയുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മഴയ്ക്ക് മുമ്പ് തന്നെ കോഴിക്കോട് കളക്ടര്‍ നിര്‍മാണ കമ്പനിയോട് ബണ്ട് പൊളിച്ചു നീക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പൂര്‍ണമായും പൊളിച്ചില്ല. മാര്‍ച്ചിലായിരുന്ന കളക്ടര്‍ ബണ്ട് പൊളിക്കാന്‍ നിര്‍ദേശം നല്‍കിയത്.
എന്നാല്‍ കുറച്ച് മണ്ണ് മാത്രം നീക്കം ചെയ്ത ശേഷം ബണ്ട് പൊളിച്ചുവെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ച് കബളിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇപ്പോള്‍ ജില്ലാ ഭരണകൂടം ഇടപെട്ടതിനെതുടര്‍ന്ന് മണ്ണ് നീക്കി ബണ്ട് പൊളിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും വേഗത പോരെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
പതിനഞ്ച് അടിയോളം താഴ്ചയുള്ള പുഴയുടെ സ്വാഭാവിക ഒഴുക്കാണ് ബണ്ട് കെട്ടിയത് മൂലം തടസപ്പെടുന്നത്. മഴ ശക്തമായാല്‍ ബണ്ട് പൊളിക്കല്‍ നിര്‍ത്തി വെക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ അതിവേഗം ബണ്ട് പൊളിക്കണമെന്ന ആവശ്യം ശക്തമാണ്.
ബണ്ട് എത്രയും വേഗം പൊളിച്ച് മാറ്റണമെന്നും ജില്ലാ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ച കരാര്കമ്പനിക്കെതിരേ നടപടി വേണമെന്നും താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.