പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ കോവിഡ്- 19 കാലത്ത് ജില്ലയിൽ ദേശീയ പാത വികസനത്തിന് സ്ഥലമേറ്റെടുക്കാൻ ദേശീയപാത അതോറിറ്റിക്ക് വേണ്ടി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ സ്ഥലമേറ്റെടുക്കൽ നടപടികൾ കൈകാര്യം ചെയ്ത സ്പെഷൽ ഡെപ്യൂട്ടി കളക്ടർ നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഒ1804/5 നമ്പരിലാണ് സ്ഥലമേറ്റെടുക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ഗസറ്റിൽ കഴിഞ്ഞ ഒന്പതിന് മൂന്ന് ഡിവിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
ഇതോടെ കൊല്ലം ജില്ലയിൽ ദേശീയ പാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള നിയമപരമായ തടസങ്ങൾ മാറി. കോടതിയും സ്ഥലമേറ്റെടുക്കുന്നതിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. മാതൃഭാഷ പത്രങ്ങളിൽ കേന്ദ്ര സർക്കാർ ഗസറ്റിലെ വിജ്ഞാപനം ഉടൻ പരസ്യമായി പ്രസിദ്ധീകരിക്കും.
ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാത വികസനത്തിന് 46.25 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കാവനാട് ആൽത്തറമൂട് മുതൽ മേവറം വരെ നിലവിൽ ബൈപ്പാസ് ഉണ്ട്. ദേശീയപാത വികസനത്തിനോടൊപ്പം ബൈപ്പാസ് റോഡും അന്തർദേശീയ നിലവാരത്തിൽ പുനർനിർമാണം നടത്തും.
ബൈപ്പാസ് എന്നത് അപ്രസക്തമായി ദേശീയപാതയായി മാറും.മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെയുള്ള നിലവിലെ ദേശീയപാത ഇല്ലാതാവുകയും ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്യും.ഇത് സംബന്ധിച്ച ഉത്തരവ് ദിവസങ്ങൾക്കകം കേന്ദ്ര സർക്കാർ (ഉപരിതല ഗതാഗതം വകുപ്പ്) സംസ്ഥാന സർക്കാരിന് കൈമാറും.
കാവനാട് ആൽത്തറ മൂട് മുതൽ മേവറം വരെയുള്ള റോഡ് വികസനത്തിന് നാല് പതിറ്റാണ്ട് മുമ്പ് സ്ഥലം ഏറ്റെടുത്തിരുന്നതാണ്. ഈ സ്ഥലത്താണ് മുട്ടുശാന്തിയ്ക്കായി ബൈപാസ് നിർമിച്ചിട്ടുള്ളത്. ദേശീയപാത വികസനം റീച്ച് തിരിച്ച് നടപ്പാക്കുമ്പോൾ ഇന്നത്തെ ബൈപാസ് ഓർമ്മയായി മാറും.
സ്ഥലമേറ്റെടുക്കൽ നടപടി യുടെ ഭാഗമായി 2019 ഫെബ്രുവരിയിൽ 80 ഹെക്ടർ ഭൂമിയാണ് മൂന്ന് – എ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ദേശീയപാതയുടെ വികസനത്തിന് 46.25 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതായാണ് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം.
കൊല്ലം ജില്ലയിൽ ജില്ലാ അതി ർത്തിയായ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ (ബൈപ്പാസ് ഒഴികെ) ഏകദേശം 2500 കെട്ടിടങ്ങളാണ് പൂർണമായോ ഭാഗികമായോ പൊളിച്ചു മാറ്റേണ്ടത്. ഇതിന്റെ മൂല്യനിർണ്ണയം ഉടൻ ആരംഭിക്കും.
ഇതോടൊപ്പം നഷ്ടപരിഹാരം നല്കാനുള്ള ഹിയറിംഗുകളും വില നിശ്ചയിക്കൽ നടപടികളും നടത്തും. ഇതിന് ശേഷം മൂന്ന് – ജി വിജ്ഞാപനം കേന്ദ്ര സർക്കാരിന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും.
ആറ് മാസത്തിനകം റീച്ച് തിരിച്ച് ടെൻഡർ നടത്തി അന്തർദേശീയ നിലവാരത്തിൽ ദേശീയ പാത -66 നിർമാണം തുടങ്ങാനാണ് ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ശ്രമം.