കൊച്ചി: തുടര്‍ച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വര്‍ധിച്ചത്.
ലോക്ക് ഡൗണിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നു തുടങ്ങിയതോടെയാണ് ഇന്ധന വിലയില്‍ മാറ്റം വന്നുതുടങ്ങിയത്.
വരും ദിവസങ്ങളിലും ഇതേതോതില്‍ വിലവര്‍ധന ഉണ്ടാകുമെന്നാണ് പെട്രോളിയം മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 74.90 രൂപയും ഡീസല്‍ വില 69.11 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 76.31 രൂപയും ഡീസലിന് 70.45 രൂപയുമായി. വര്‍ധിച്ച നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
കഴിഞ്ഞ ആറു ദിവസത്തിനിടെ പെട്രോളിന് 3.32 രൂപയുടെയും ഡീസലിന് 3.26 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. തുടര്‍ച്ചയായ 83 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടായി തുടങ്ങിയത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിറ്റിരുന്നത്.
ഈ സാഹചര്യം കണക്കിലെടുത്തു രാജ്യത്തെ ക്രൂഡോയില്‍ സംഭരണ ശേഷി വര്‍ധിപ്പിച്ച് ഇന്ത്യ കൂടുതല്‍ ക്രൂഡോയില്‍ വാങ്ങി സൂക്ഷിച്ചു. ഇതോടെ എണ്ണക്കമ്പനികള്‍ക്ക് അമിത ലാഭം ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
എണ്ണക്കമ്പനികള്‍ക്ക് തീരെ കുറഞ്ഞ നിരക്കില്‍ ക്രൂഡോയില്‍ ലഭിച്ചെങ്കിലും രാജ്യത്ത് ഇന്ധന വിലയില്‍ അതിനാനുപാതികമായ കുറവ് വരുത്തിയിരുന്നില്ല.
അങ്ങനെ ലഭിക്കുന്ന അമിത ലാഭം കമ്പനികളില്‍നിന്ന് സര്‍ക്കാരിലേക്ക് എത്തിക്കുന്നതിനാണ് ലോക്ക് ഡൗണ്‍ കാലത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കൂടിയതോടെ എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചിരുന്ന ലാഭം കുറഞ്ഞു തുടങ്ങി. ഇതാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവര്‍ധനവിന് കാരണമായത്.
ഒരു ബാരല്‍ ക്രൂഡോയിലിന് 2722 രൂപയാണ് ഇന്നത്തെ വില. 16 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ ബാരലിന് 2706 രൂപയായിരുന്നു വില. വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനാണ് സാധ്യത.
ലോക്ക് ഡൗണിന് മുന്‍പുള്ള താരിഫ് വിലയ്ക്കനുസരിച്ച് ക്രൂഡോയില്‍ വില എത്തുന്നതുവരെ ദിവസവുമുള്ള നേരിയ വിലവര്‍ധ ഉണ്ടായേക്കും. അതിനു ശേഷം മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി പിന്വലിക്കുകയുള്ളെന്നാണ് സൂചന.