പറവൂർ: മക്കളുടെ വിവാഹത്തിനൊപ്പം സഹജീവികളെ കരംപിടിച്ചു മെച്ചപ്പെട്ട ജീവിതത്തിലേക്ക് കയറ്റാനായതിന്റെ ചാരിതാർഥ്യത്തിലാണ് ജയരാജും മിനിമോളും.
പൊതുമരാമത്ത് റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ വടക്കുംപുറം കാടശേരിയിൽ ജയരാജും ഭാര്യ മിനിമോളുമാണ് തങ്ങളുടെ മക്കളായ കീർത്തനയുടെയും, കാർത്തികയുടെയും വിവാഹത്തോടൊപ്പം സമൂഹത്തിലെ ഏതാനും നിരാലംബർക്ക് സഹായഹസ്തം നീട്ടി മാതൃകയായത്.
മൂത്ത മകൾ കീർത്തനയുടെ വിവാഹം അഞ്ചു വർഷം മുമ്പായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ച് യുവതികളുടെ വിവാഹത്തിന് ഒന്നര ലക്ഷം രൂപ വീതം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും, തന്റെ പേരിലുമായി നിക്ഷേപിച്ചിട്ടാണ് മകളുടെ വിവാഹ മംഗളകർമങ്ങൾ നടത്തിയത്.
ഈ തുക ഉപയോഗപ്പെടുത്തി വിവിധ മതവിഭാഗങ്ങളുടെ നേതൃത്വമാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തി അഞ്ച് പെൺകുട്ടികൾക്കും മംഗല്യഭാഗമൊരുക്കി നൽകിയത്.
ഇളയ മകൾ കാർത്തികയുടെ വിവാഹത്തോടനുബന്ധിച്ച് അഭ്യുദയകാംക്ഷികളുടെ അഭ്യർഥനകൂടി മാനിച്ചാണ് നിരാലംബയായ അപ്പച്ചാത്ത് ബേബി എന്ന വയോധികയ്ക്ക് വീട് നിർമിച്ചു നൽകാൻ പദ്ധതി തയാറായത്.
ഒരു റിട്ട ടീച്ചറുടെ വീട്ടിൽ സഹായിയായി കഴിയുകയാണ് 69 കാരിയായ ബേബി. അവിടെ നിന്നിറങ്ങിയാൽ തലചായ്ക്കാൻ ഇടമില്ലാതാകുമായിരുന്ന ബേബിക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനമാണ് ലഭിച്ചത്. അവിവാഹിതയായ അംബികയ്ക്ക് പരമ്പരാഗതമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്താണ് അഞ്ച് ലക്ഷം രൂപ ചിലവിൽ വീട് നിർമിച്ചു നൽകിയിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപിന്റെ സാന്നിധ്യത്തിൽ വി.ഡി. സതീശൻ എംഎൽഎയാണ് വീടിന്റെ താക്കോൽദാനം നിർവഹിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു പൂനെ സ്വദേശി സൗരവുമായി കാർത്തികയുടെ വിവാഹം.
അമേരിക്കയിൽ പോസ്റ്റ് ഡോക്ടറേറ്റിന് പഠനം നടത്തുന്ന കാർത്തിക ഫെബ്രുവരിയിൽ അവിടേക്ക് തിരികെപോയി. കുടുംബനാഥന്റെ അകാല നിര്യാണത്തെ തുടർന്ന് നിരാലംബരായ സമീപത്തെ ഒരുകുടുംബത്തിലെ മൂന്ന് കുട്ടികളുടെ പഠന ചിലവുകൾ കഴിഞ്ഞ മൂന്നു വർഷമായി പൂർണമായി വഹിച്ചു വരുന്നതും ജയരാജാണ്.