തൃശൂർ: കോവിഡ് പോസിറ്റീവായ 108 ആംബുലൻസ് ഡ്രൈവറെ മറ്റു ഡ്രൈവർമാർക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പം ക്വാറന്ൈറനിലാക്കിയതോടെ സർവീസ് മൊത്തം പ്രതിസന്ധിയിലായി.
ആരോഗ്യ പ്രവർത്തകരുടെ വീഴ്ചയാണ് ഇത്തരത്തിൽ ഗുരുതരമായ പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. ആംബുലൻസ് ഡ്രൈവർമാർ താമസിക്കുന്ന മണ്ണുത്തിയിലെ കേന്ദ്രത്തിലാണ് കോവിഡ് സംശയിച്ച ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയത്.
ഈ ഡ്രൈവർക്ക്് കോവിഡ് പോസിറ്റീവായതോടെ കൂടെ താമസിച്ചിരുന്ന മുപ്പത് ഡ്രൈവർമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമായി. ഇതോടെ ഏറ്റവും അത്യാവശ്യ സർവീസായ 108 ആംബുലൻസിന്റെ സർവീസും പ്രതിസന്ധിയിലായി.
കോവിഡ് കേസുകൾ മുഴുവൻ 108 ആംബുലൻസിലാണ് എത്തിച്ചുകൊണ്ടിരുന്നത്. ഈ സർവീസ് പ്രശ്നത്തിലായതോടെ മറ്റു ആംബുലൻസുകളെ ആശ്രയിക്കേണ്ടി വരും. എന്നാൽ കോവിഡ് കേസുകൾ എടുക്കാൻ വേണ്ട ക്രമീകരണങ്ങൾ മറ്റു ആംബുലൻസുകളിൽ ഉണ്ടാകില്ല.
അതിനാൽ പ്രതിസന്ധി പരിഹരിക്കാൻ 108 ആംബുലൻസിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവർമാരെ ക്ഷണിച്ചിരിക്കയാണിപ്പോൾ. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാരെ കിട്ടുമോയെന്നതും ആരോഗ്യവകുപ്പിന് വെല്ലുവിളിയായി മാറി.
ഏറ്റവും പ്രധാനപ്പെട്ട ജോലിക്കാരെ പോലും വേണ്ടത്ര ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുന്നതിന്റെ പ്രത്യാഘാതമാണ് ഇത്തരത്തിൽ വലിയ പ്രതിസന്ധികൾ വരുത്തിവയ്ക്കാൻ കാരണമെന്ന് ആരോഗ്യമേഖലയിലെ തന്നെ ഡോക്ടർമാർ പറഞ്ഞു.
അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കേണ്ട ആംബുലൻസുകൾ ഇല്ലാതായാൽ പ്രശ്നം ഗുരുതരമാകും. കോവിഡ് കേസുകൾ സംശയിക്കുന്ന ആരോഗ്യ പ്രവർത്തകരെ പോലും വേണ്ടത്ര ഗൗരവത്തോടെ നിരീക്ഷണ കേന്ദ്രത്തിലാക്കാനുള്ള സംവിധാനമെങ്കിലും ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ മുഴുവൻ കൈവിട്ടു പോയേക്കും.