പയ്യന്നൂര്‍: കവര്‍ച്ചക്കാര്‍ സര്‍വസന്നാഹങ്ങളുമായി കൂട്ടത്തോടെ ഇറങ്ങിയതായി വെളിപ്പെടുത്തല്‍. കവര്‍ച്ചക്കിടയില്‍ ഇന്നലെ പെരിങ്ങോം പോലീസിന്റെ പിടിയിലായ കണ്ണവം സ്വദേശി പാറമ്മല്‍ ഹൗസില്‍ വരുണിനെ (25) ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുണ്ടായത്.
ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ മോഷ്ടാക്കളടങ്ങിയ സംഘമാണ് കവര്‍ച്ച ലക്ഷ്യമിട്ട് രംഗത്തിറങ്ങിയിട്ടുള്ളത്. പെട്ടെന്ന് പണമുണ്ടാക്കാനാഗ്രഹിക്കുന്ന ചില യുവാക്കളും ഇവരുടെ കൂടെയുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
വരുണും കൂട്ടുകാരന് ദീപുവും കവര്‍ച്ചക്കായി കൊണ്ടുവന്ന കാര്‍ അയല്‍വാസിയില്‍ നിന്നും വാടകക്കെടുത്തതാണെന്നും ഇവരുള്‍പ്പെടെ വലിയൊരു സംഘംതന്നെ കവര്‍ച്ച നടത്താനായി രംഗത്തിറങ്ങിയതായും പോലീസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
ഇതോടെ നൈറ്റ് പട്രോളിംഗ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി പോലീസും അതീവ ജാഗ്രതയിലാണ്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പെരിങ്ങോം ഓലയമ്പാടിയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കെ.എം.ട്രേഡേഴ്സിന്റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്തുന്നതിനിടയിലാണ് വരുണ്‍ എഎസ്ഐ പി.ജി.രാജുവിന്റെ നേതൃത്വത്തിലെത്തിയ പെരിങ്ങോം പോലീസിന്റെ പിടിയിലായത്.
റബര്‍ ഷീറ്റുള്പ്പെടെയുള്ള മലഞ്ചരക്ക് ഉല്പന്നങ്ങള് കാറില്‍ കടത്തുവാനുള്ള ശ്രമമാണ് പോലീസ് തകര്‍ത്ത് വരുണിനെ പിടികൂടിയത്. ഇരുളിന്റെ മറവില്‍ രക്ഷപ്പെട്ട ആറളം സ്വദേശി ദീപുവിനെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
വരുണില്‍ നിന്നുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കവര്‍ച്ചക്കായി ഇറങ്ങിയ കുപ്രസിദ്ധ കവര്‍ച്ചക്കാരെ കുടുക്കാനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്.