വിശാഖപട്ടണം: കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് വീട്ടിലേക്കു മടങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയിലാണ് 18 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ കുഞ്ഞ് രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയത്. വിശാഖപട്ടണത്തെ വിഐഎംഎസില് ആയിരുന്നു കുഞ്ഞിനെ ചികിത്സിച്ചിരുന്നത്.
കിഴക്കന്‍ ഗോദാവരി ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ലക്ഷ്മി എന്ന യുവതിക്ക് കോവിഡ് ബാധിച്ചിരുന്നു. പിന്നീട് നടത്തിയ ചികിത്സയില്‍ നാലു മാസം പ്രായമുള്ള ലക്ഷ്മിയുടെ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.
മേയ് 25നാണ് കുട്ടിയെ വിഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി 18 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. അടുത്തിടെ നടത്തിയ ചികിത്സയില്‍ കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാൻ ആശുപത്രി അധികൃതർ അനുവദിച്ചു.
വിശാഖപട്ടണം ജില്ലയില്‍ വെള്ളിയാഴ്ച മാത്രം 14 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 252 ആയി ഉയര്‍ന്നു.