പത്തനംതിട്ട: ഇന്നലെ ഏഴു പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയില്‍ രോഗബാധിതരുടെ എണ്ണം 128 ആയി. ഇതില്‍ 111 പേരും മൂന്നാംഘട്ട രോഗവ്യാപനത്തില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരാണ്. രണ്ടാംഘട്ടത്തിലെ 17 പേരും നേരത്തെ രോഗം ഭേദമായവരാണ്.
അടുത്ത ഘട്ടത്തില്‍ 21 പേര് ഇതിനോടകം ഭേദമായി. ഒരാള്‍ മരിച്ചു.
89 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഒരാള്‍ 14 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തീകരിച്ച വീട്ടമ്മയാണ്.
വിദേശത്തുനിന്നെത്തി ക്വാറന്റൈന് കഴിഞ്ഞുവരവേ ആരോഗ്യവകുപ്പ് നടത്തിയ സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മേയ് 21നു കുവൈറ്റില്‍ നിന്നു നാട്ടിലെത്തിയ തിരുവല്ല സ്വദേശിനിയായ 65 കാരിക്കാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ മൂന്നു പേര് വിദേശത്തുനിന്നും രണ്ടു പേര് വീതം മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയവരുമാണ്. കഴിഞ്ഞ നാലിന് ഡല്‍ഹിയില്‍ നിന്നെത്തിയ നാലുവയസുകാരനും കോവിഡ് പോസിറ്റീവായിട്ടുണ്ട്.
കുട്ടിയക്കൊപ്പം എത്തിയ മുത്തശി നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. മെഴുവേലി സ്വദേശിയായ ഇവര്‍ കഴിഞ്ഞ നാലിനാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്.
കഴിഞ്ഞ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ മെഴുവേലി സ്വദേശിയായ 54 കാരന്, 28ന് അബുദാബിയില്‍ നിന്നും വന്ന ആനിക്കാട് സ്വദേശിനി ഗര്‍ഭിണിയായ 28 കാരി, രണ്ടിന് കുവൈറ്റില്‍ നിന്നെത്തിയ നിരണം സ്വദേശിനിയായ 32കാരി, മൂന്നിന് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ മല്ലപ്പുഴശേരി സ്വദേശിയായ 32 കാരന്, രണ്ടിന് ഡല്‍ഹിയില്‍ നിന്നു വന്ന റാന്നി – പഴവങ്ങാടി സ്വദേശിയായ 65 കാരന് എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇന്നലെ ഒരാള്‍ കൂടി രോഗമുക്തി നേടിയതോടെ ഈ ഗണത്തില്‍പെട്ടവരുടെ എണ്ണം 38 ആയി. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനിയാണ് രോഗമുക്തി നേടിയത്.
രോഗബാധിതരില്‍ 85 പേരും ജില്ലയില്‍ ചികിത്സയിലുണ്ട്. റാന്നി മേനാംതോട്ടം കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രത്തില്‍ 43 പേരാണ് ചികിത്സയിലുള്ളത്. 41 പേര് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമാണ്.
തിരുവനന്തപുരം, മഞ്ചേരി മെഡിക്കല്‍ കോളജുകളിലായി ജില്ലയില്‍ നിന്നുള്ള ഓരോരുത്തര് വീതവും കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടുപേരും ചികിത്സയിലുണ്ട്. ആശുപത്രി ഐസൊലേഷനില്‍ 107 പേരാണുള്ളത്.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 41 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചുപേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലുപേരും റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 43 പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 14 പേര് ഐസൊലേഷനിലുണ്ട്. ഇന്നലെ പുതുതായി 11 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.