കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണവും പെരുകുന്നതായി കണക്കുകള്‍.
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് മുതല്‍ ഇന്നലെവരെ ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ സംസ്ഥാനത്ത് 2,07,237 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ വിവിധയിടങ്ങളിലായി അറസ്റ്റിലായവരുടെ എണ്ണം 2,21,547 ആയി.
സംസ്ഥാനത്ത് പ്രതിദിനം കോവിഡ് കേസുകള്‍ വര്ധിക്കുമ്പോഴാണു നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണവും കൂടുന്നത്. സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ പകുതിയും എറണാകുളം ജില്ലയിലാണ്. വിവിധ വകുപ്പുകളിലായി 1,19,954 കേസുകളാണ് ജില്ലയില്‍ എടുത്തിട്ടുള്ളത്.
നിയന്ത്രണങ്ങള്‍ മറികടന്നും സമയപരിധി ലംഘിച്ച് യാത്രകള്‍ നടത്തിയതിനും പാസ് ഇല്ലാതെ യാത്ര ചെയ്തതിനുമുള്പ്പെടെയാണ് ഇത്രയധികം കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് 70,906 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുയിടങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കിയതോടെ പോലീസും കര്‍ശന പരിശോധന ആരംഭിച്ചിരുന്നു. അനാവശ്യ യാത്രകള്‍ക്കായി നിരത്തിലിറക്കിയതില്‍ പേരില്‍ 1,31,228 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
36,131 അറസ്റ്റ് രേഖപ്പെടുത്തിയ കൊല്ലം ജില്ലയിലാണ് ലോക്ക് ഡൗണ്‍ കാലത്ത് ഏറ്റവുമധികം അറസ്റ്റ് നടന്നത്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പിടികൂടിയതും ഇവിടെനിന്നുതന്നെ.
കേവിഡ് ഭീഷണിയെത്തുടര്‍ന്ന് സര്‍വ മേഖലയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഇവ കൃത്യമായി പാലിക്കപ്പെടുന്ന ഇടങ്ങള്‍ വളരെ ചുരുക്കമാണെന്നു പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.