ആലുവ: ലോക്ക് ഡൗണിന്റെ മറവിൽ ആലുവ നഗരത്തിൽ വ്യാപകമായി പൊതുസ്ഥലങ്ങൾ കൈയേറി കച്ചവടം നടത്തുന്നത് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയർ, ജില്ലാ ആശുപത്രി ജംഗ്ഷൻ, പമ്പ് കവല തുടങ്ങിയ സ്ഥലങ്ങളിലാണ് നടപ്പാത കൈയേറ്റം വർധിച്ചിരിക്കുന്നത്.
നഗരം സാധാരണ പോലെ തിരക്കിലായിട്ടും ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് പരാതി.
ലോക്ക് ഡൗൺ സമയത്ത് കടകൾ അടഞ്ഞുകിടന്നിരുന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയ്ക്ക് വിലക്കില്ലായിരുന്നു. ഇത് മുതലെടുത്ത് കൈയേറിയ സ്ഥലങ്ങൾ രണ്ട് മാസം കഴിഞ്ഞിട്ടും ഒഴിഞ്ഞു പോകാൻ തയാറാകുന്നില്ല.
റെയിൽവേ സ്റ്റേഷന്റെ മുമ്പിൽ ഫുട്പാത്ത് പച്ചക്കറി കച്ചവടക്കാർ പൂർണമായി കൈയേറിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പിൻവലിച്ചിട്ടും ഇവിടത്തെ ചില കടകൾ തുറന്നിട്ടില്ല. ഈ കടകൾക്ക് മുമ്പിലാണ് ഏതാണ് 15 മീറ്ററോളം നീളത്തിൽ കൈയേറ്റം നടന്നിട്ടുള്ളത്.
ജില്ലാ ആശുപത്രി ജംഗ്ഷനിൽ വഴിയോരത്തെ 20 ഓളം താത്ക്കാലിക കടകൾ ഒഴിപ്പിച്ചാണ് ആശുപത്രി മതിലിനോട് ചേർന്ന് നടപ്പാതയുടെ പണി ആരംഭിച്ചത്. സ്ഥലം നഷ്ടപ്പെട്ടവർക്ക് എതിർ ഭാഗത്ത് പകരം സ്ഥലവും നൽകി.
എന്നാൽ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് പച്ചക്കറി, ലോട്ടറി, ചെരുപ്പ് കച്ചവടക്കാർ സ്ഥലം കയേറിത്തുടങ്ങിയിരിക്കുകയാണ്. ഓട്ടോറിക്ഷ സ്റ്റാൻഡും പ്രത്യക്ഷപ്പെട്ടു.
നഗരാതിർത്തികളായ പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ കാർമ്മൽ ഹോസ്പിറ്റൽ, അണ്ടിക്കമ്പനി, തോട്ടുംമുഖം, പുളിഞ്ചോട് മേഖലകളിലും ഇതു തന്നെയാണ് സ്ഥിതി.
നിരന്തരം അപകടങ്ങൾ നടക്കുന്ന ഈ സ്ഥലങ്ങളിൽ ഷീറ്റുകൾ വലിച്ചുകെട്ടി റോഡിന്റെ ഇരുവശങ്ങൾ കൈയേറ്റക്കാർ സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ യഥാർഥ വ്യാപാരികളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.