തൊടുപുഴ: മൽസ്യകൃഷിക്കും ജലസേചനത്തിനുമായി പി.ജെ. ജോസഫ് എംഎൽഎയുടെ പുറപ്പുഴയിലെ പുരയിടത്തിൽ ചണച്ചാക്കുകൊണ്ടുള്ള കുളം നിർമാണം പുരോഗമിക്കുന്നു. 40 മീറ്റർ നീളവും 20 മീറ്റർ വീതിയും 15 അടി ആഴവുമുള്ള കുളമാണു നിർമിക്കുന്നത്.
ഹരിതകേരളം മിഷന്റെ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി.എസ്. മധുവിൽനിന്ന് അദ്ദേഹത്തിന്റെ വീട്ടിലെ 20 അടിനീളവും 10 അടി വീതിയും അഞ്ചടി ആഴവുമുള്ള ചണച്ചാക്ക് കുളത്തെപ്പറ്റി പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫ് മനസിലാക്കി.
തുടർന്ന് കൃഷിയും മത്സ്യക്കൃഷിയും മുന്നിൽക്കണ്ട് ചണച്ചാക്കുകൾക്കൊണ്ടൊരു പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അപു ജോസഫ് പറഞ്ഞു.
ചണച്ചാക്ക് വാട്ടർടാങ്കുകൾ സംസ്ഥാനത്തിന് പരിചയപ്പെടുത്തിയ വയനാട് അന്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രയുടെ ചുമതല വഹിക്കുന്ന കാർഷിക സർവകലാശാലയിലെ പ്രഫ. പി. രാജേന്ദ്രന്റെ സാങ്കേതിക ഉപദേശത്തിലാണ് നിർമാണം നടക്കുന്നത്.
കുളത്തിൽ കേജ് കൾച്ചറിംഗ് മാതൃകയിൽ 5000 തിലോപ്പിയയെ വളർത്താനാണ് അപുവിന്റെ ലക്ഷ്യം. സാധാരണ കോണ്ക്രീറ്റ് കുളങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഈ കുളത്തിന് നിർമാണച്ചെലവ് വളരെ കുറവാണെന്ന് അപു പറയുന്നു.