തൊടുപുഴ: ലോക്ക് ഡൗണ്‍ ഇളവുകൾ വന്നതോടെ സ്വകാര്യബസുകളും കെ എസ്ആർടിസി ബസുകളും നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാരുടെ ദുരിതം മാറുന്നില്ല. ബസ് ചാർജിൽ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിൽ യാത്രക്കാരേയും ബസുകാരേയും ആശയക്കുഴപ്പത്തിലാക്കി.
ഇതിനിടെ സർക്കാർ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മറികടന്നാണ് പല ബസുകളും സർവീസ് നടത്തുന്നതെന്നും പരാതിയുണ്ട്. യാത്രക്കാരെ കുത്തിനിറച്ചും സമയക്രമം പാലിക്കാതെയുമാണ് പല ബസുകളുടേയും സർവീസ്. കെ എസ്ആർടിസിയാകട്ടെ സീറ്റുകൾ ഉണ്ടെങ്കിലും പല സ്റ്റോപ്പുകളിലും യാത്രക്കാരെ കയറ്റാതെ പോകുന്നുവെന്നും പരാതിയുണ്ട്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മൂന്നുമാസത്തോളം ഷെഡിൽ കയറ്റിയിട്ട ബസുകൾ ഇളവുകൾ വന്നതോടെ ഏതാനും ദിവസം മുൻപാണ് സർവീസുകൾ പുനരാരംഭിച്ചത്. കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുവേണം സർവീസുകൾ നടത്താനെന്നു നിർദേശമുണ്ട്.
എന്നാൽ പരമാവധി ആളെ കയറ്റി നഷ്ടം പരിഹരിക്കാനുള്ള വ്യഗ്രതയിലാണ് പല സ്വകാര്യ ബസുകളും. ലോക്ക് ഡൗണ്‍ ഇളവുകൾ വന്ന സമയത്തുണ്ടായിരുന്ന ജാഗ്രതയും മുൻകരുതലുകളുമൊന്നും ഇന്ന് പല സ്വകാര്യ ബസുകളും പാലിക്കുന്നില്ല.
യാത്രക്കാരെ നിർത്തി സർവീസ് നടത്തരുതെന്നാണ് ഉത്തരവെങ്കിലും പല റൂട്ടുകളിലും ഇതിനു വിപരീതമായാണ് സർവീസ് ആരംഭിക്കുന്നത് പോലും. സർക്കാർ, സ്വകാര്യ ഓഫീസുകൾ പൂർണമായി പ്രവർത്തനം ആരംഭിച്ചതോടെ സമയത്ത് എത്താൻ മുൻഗണന കൊടുക്കുന്പോൾ പലരും സുരക്ഷയുടെ കാര്യം മറന്നു യാത്രചെയ്യുന്നു.
ഈ അവസരം മുതലാക്കി പരമാവധി യാത്രക്കാരെ കയറ്റി ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പല സ്വകാര്യ ബസുകളും. ഇതുമൂലം സമയക്രമവും പാലിക്കാൻ കഴിയുന്നില്ല.
യാത്രക്കാർ കുറവുള്ള സമയം സ്വകാര്യ ബസുകൾ ഓടാൻ തയാറാകാത്തത് ഒട്ടേറെ യാത്രക്കാരെ വലയ്ക്കുന്നുമുണ്ട്. ബസുകളിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റുന്നുണ്ടെങ്കിലും പോലീസോ മോട്ടോർ വാഹനവകുപ്പോ ഇത്തരത്തിൽ യാത്രചെയ്യുന്ന ഒരു ബസിനെതിരേയും നടപടിയെടുത്തിട്ടില്ല.
കെ എസ്ആർടിസി ബസുകളാകട്ടെ ഒന്നോ രണ്ടോ സീറ്റ് കാലിയായാലും പല സ്റ്റോപ്പുകളിലും ബസ് നിർത്താൻപോലും തയാറാകുന്നില്ലെന്ന പരാതിയുയരുന്നുണ്ട്. മണിക്കൂറുകളോളം കാത്തിരിക്കുന്പോഴാണ് ഒരു ബസ് എത്തുക. എന്നാൽ സീറ്റ് നിറഞ്ഞെന്ന കണക്കിൽ സ്റ്റോപ്പിൽ നിർത്താതെ പോകുമെന്ന് പതിവു യാത്രക്കാർ പറയുന്നു.
രാവിലെ 8.30-ന് മൂന്നാറിൽനിന്ന് തൊടുപുഴയ്ക്ക് സർവീസ് നടത്തുന്ന കെ എസ്ആർടിസി ബസിനെക്കുറിച്ച് പരാതികളേറെയാണ്. സർക്കാർ ജീവനക്കാരടക്കം ആശ്രയിക്കുന്ന ബസാണിത്. എന്നാൽ തിരക്കുള്ള സ്റ്റോപ്പുകളിൽ നിർത്തിയാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാനാകാതെ വരുമെന്നാണ് കെ എസ്ആർടിസി അധികൃതർ പറയുന്നത്.
കെ എസ്ആർടിസി ഉള്ള പല റൂട്ടുകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുമില്ല. ഇതിനു പരിഹാരം കാണാൻ കൂടുതൽ ബസുകൾ കെ എസ്ആർടിസി സർവീസ് നടത്തണമെന്നാണ് ആവശ്യം.
ബസുകളിൽ യാത്രക്കാർക്ക് സാനിറ്റൈസർ നൽകണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. കോവിഡ് മാനദണ്ഡമനുസരിച്ച് ബസുകളിൽ സാനിറ്റൈസർ സംവിധാനമേ സ്ഥാപിച്ചിട്ടില്ല. പിൻവാതിൽവഴി കയറുകയും പിൻവാതിൽ വഴി ഇറങ്ങുകയും വേണമെന്ന നിർദേശവും പാലിക്കുന്നില്ല. ഓരോ ട്രിപ്പിനുശേഷവും ഇരിപ്പിടങ്ങളും യാത്രക്കാർ കൈപിടിക്കുന്ന കന്പികളും അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ടെങ്കിലും ഇതും നടപ്പിലാകുന്നില്ല. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് തൊടുപുഴ ജോയിന്റ് ആർടിഒ അറിയിച്ചു.