കോട്ടയം: കോവിഡും ലോക്ക്ഡൗണും ഏറ്റവും അധികം ബാധിച്ച ഒരു മേഖലയാണ് ഫോട്ടോഗ്രഫി-വീഡിയോഗ്രഫി മേഖല. ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ചിട്ടും രക്ഷയില്ലാതായിരിക്കുകയാണ് ഫോട്ടോഗ്രഫർമാർക്കും വീഡിയോഗ്രഫർമാർക്കും.
വലിയനോന്പ് അവസാനിക്കുന്നതിനു മുന്‍പ് ലോക്ക്ഡൗണ്‍ ആരംഭിച്ചതു പ്രതിസന്ധി ഏറെയാക്കി.
സീസണ് അവസാനിച്ചു ജോലിത്തിരക്കില്ലാതിരിക്കുന്പോഴാണ് കോവിഡും തുടർന്ന് ലോക്ക്ഡൗണും എത്തുന്നത്. മൂന്നു മാസക്കാലം സ്റ്റുഡിയോകൾ തുറന്നിട്ടില്ല. ഒരു ജോലിയുമില്ലാതെ ഫോട്ടോഗ്രഫർമാർക്കും വീഡിയോഗ്രഫർമാർക്കും വീട്ടിലിരിക്കേണ്ടിവന്നു.
ഏപ്രിൽ മാസം മുതൽ തുടങ്ങുന്ന സീസണിനായി വൻതുക വായ്പയെടുത്തും കടംവാങ്ങിയും അഞ്ചു ലക്ഷം രൂപ വില വരെയുള്ള കാമറയും മറ്റ് എക്യുപ്മെന്റ്സും മേടിച്ച പല ഫോട്ടോഗ്രഫർമാരും വീഡിയോഗ്രഫർമാരും ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.
തിരിച്ചടവ് ഒരുതവണപോലും അടയ്ക്കാൻ സാധിച്ചിട്ടില്ല. പലിശയും പിഴപ്പലിശയും വൻ തുകയായി മാറി. പുതിയ ഉപകരണത്തിൽ എടുക്കാനായി ബുക്കു ചെയ്തിരുന്ന എല്ലാ വർക്കുകളും ഒറ്റ ഫോണ്‍ കോളിൽ കാൻസലായി. ഇതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഇക്കൂട്ടർ.
സ്റ്റുഡിയോയിലെ ജീവനക്കാർക്ക് ശന്പളം, വാടക, കറന്റ് ബില്ല് തുടങ്ങിയവ നൽകുന്നതിനായി പലരും കെട്ടുതാലി വരെ പണയപ്പെടുത്തി.
ലോക്ക് ഡൗണിൽ ഇളവുകൾ വന്നു കടകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും പൊതുപരിപാടികൾക്ക് ഇപ്പോഴും വിലക്കാണ്. വിവാഹത്തിന് 50 പേർക്കും സംസ്കാരച്ചടങ്ങിൽ 20 പേർക്കുമാണു പങ്കെടുക്കാവുന്നത്.
മനഃസമ്മതം, ആദ്യകുർബാന, ബർത്ത്ഡേ പാർട്ടി, വിവാഹവാർഷികങ്ങൾ, മരണവാർഷികങ്ങൾ, കലാപരിപാടികൾ, പൊതുസമ്മേളനങ്ങൾ, തിരുനാളുകൾ, ഉത്സവങ്ങൾ തുടങ്ങിയവ ഒന്നും പുനരാരംഭിച്ചിട്ടില്ല.
ഒരോരുത്തർക്കും ശരാശരി 20 മുതൽ 30 വരെ പരിപാടികളാണ് നഷ്ടപ്പെട്ടത്. ജോലി ഇല്ലാതായതോടെ പലരും കൃഷിയിലേക്കു തിരിഞ്ഞു. ഡ്രൈവറായും കൂലിപ്പണിക്കാരനായും വഴിയോരക്കച്ചവടത്തിനായും പലരും മാറി.
ലോക്ക് ഡൗണിൽ ഇളവ് വന്നു സ്റ്റുഡിയോ തുറന്നെങ്കിലും ഒരു പാസ്പോർട്ട് ഫോട്ടോ എടുക്കാൻപോലും ആരുമെത്തുന്നില്ല. ഓഫീസുകളും മറ്റും സജീവമാകാത്തതിനാലും പരീക്ഷകളും മറ്റും മാറ്റിവച്ചതുമാണ് ഇതിനു കാരണം.
50 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താൻ അനുമതിയുണ്ട്. ഇതിനു മിക്കവരും ഇപ്പോൾ ഫോട്ടോയും വീഡിയോയും ഒഴിവാക്കുകയാണ്. ഉണ്ടെങ്കിലാകട്ടെ നിലവിലെ തുകയുടെ പകുതി പണത്തിനുള്ള ഫോട്ടോയും വീഡിയോയും മതിയെന്നാണ് വിവാഹ വീട്ടുകാർ പറയുന്നത്. ഇതുകൂടെ വരുന്ന ജോലിക്കാർക്കുപോലും കൂലി കൊടുക്കാൻ തികയില്ല.
കോവിഡ് കാലത്ത് സർക്കാർ എല്ലാ വിഭാഗത്തിനു സഹായം നൽകി. ഫോട്ടോഗ്രഫർമാർക്കും വീഡിയോഗ്രഫർമാർക്കും ക്ഷേമനിധിയിൽനിന്നുള്ള ചെറിയ തുക മാത്രമാണ് ലഭിച്ചത്.
80 ശതമാനം ആളുകളും ക്ഷേമനിധിയിൽ അംഗങ്ങളല്ല. ഒരു ക്ഷേമനിധിയിലും അംഗമല്ലാത്തവർക്ക് ലഭിക്കുന്ന 1000 രൂപയും ലഭിച്ചില്ല.
ലോക്ക്ഡൗണ്‍ കാലത്ത് പോലീസിന്റെ പരിശോധനയ്ക്കു ഡ്രോണ്‍ ഉപയോഗം സൗജന്യമായാണു ചെയ്തത്. അതിനാൽ ഫോട്ടോഗ്രഫർമാരെയും വീഡിയോഗ്രഫർമാരെയും സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഓൾ കേരള ഫോട്ടോ ഗ്രഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജയ്സൻ ഞൊങ്ങിണി ആവശ്യപ്പെട്ടു.