കോട്ടയം: അതിരപ്പിള്ളിക്കു പിന്നാലെ കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിലും സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിലേക്ക്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന സിപിഎമ്മിന്റെ നിലപാട് തള്ളി സിപിഐ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണു കോട്ടയം മെഡിക്കൽ കോളജ് പരിസരത്തെ വനംവെട്ടി കെട്ടിടം നിർമിക്കാനുള്ള പദ്ധതിയെ എതിർത്ത് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ രംഗത്തെത്തിയത്.
അതിരപ്പിള്ളിയിൽ ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ താൽപര്യം അറിയിച്ച സിപിഎമ്മിനെയും വൈദ്യുത മന്ത്രി എം.എം. മണിയെയും തള്ളി സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപിയാണു വിയോജനം അറിയിച്ചത്.
സിപിഎം-സിപിഐ വാക്പോരിൽ സർക്കാരിനേറ്റ ക്ഷീണം മാറുന്നതിനിടെയാണു കോട്ടയം മെഡിക്കൽ കോളജ് കെട്ടിട നിർമാണത്തിനു സ്വഭാവിക വനം വെട്ടുന്നതിനെതിരെ സിപിഐ പ്രതിഷേധം കടുപ്പിച്ചത്.
ജൈവ വൈവിധ്യങ്ങളുടെ കലവറയായ അതിരപ്പിള്ളി മാത്രമല്ല, കോട്ടയം മെഡിക്കൽ കോളജിനും പരിസരത്തിനും പച്ചപ്പിന്റെ തണലും ശുദ്ധവായുവും പ്രദാനം ചെയ്യുന്ന സ്വാഭാവിക വനം വെട്ടി നശിപ്പിക്കാനുള്ള നീക്കവും ചെറുത്തു തോല്പിക്കുമെന്നു സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു.
സേവ് അതിരപ്പിള്ളി, കാന്പയിന്റെ ഭാഗമായി ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയുടെ അജണ്ടയിലോ പ്രകടന പത്രികയിലോ ഇല്ലാത്തതും മുന്നണി നിലപാടിനു വിരുദ്ധവുമായ കാര്യങ്ങൾ യാതൊരു കൂടിയാലോചനകളോ ചർച്ചകളോ കൂടാതെ പ്രഖ്യാപിക്കുന്നതും നടപ്പിലാക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നതും ഇടതുപക്ഷ മുന്നണിയുടെ അന്തസത്തക്കു യോജിച്ചതല്ലെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
നിക്ഷിപ്ത താത്പര്യക്കാരായ ഉദ്യോഗസ്ഥ പദ്ധതി മാഫിയയുടെ പ്രവർത്തനങ്ങളെ സിപിഐ പിന്തുണയ്ക്കില്ല. രണ്ടു മെഡിക്കൽ കോളജുതന്നെ പണിയാനുള്ള വെറുംസ്ഥലം കോട്ടയം മെഡിക്കൽ കോളജിന് സ്വന്തമായുള്ളപ്പോഴാണ് ഏക്കർകണക്കിനു വരുന്ന സ്വാഭാവിക വനംതന്നെ വെട്ടിനശിപ്പിച്ച് പുതിയ കെട്ടിട സമുച്ചയങ്ങൾ നിർമിക്കാൻ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നു സി.കെ. ശശിധരൻ പറഞ്ഞു.
ഇസ്കഫ് ജില്ലാ പ്രസിഡന്റ് വി.വൈ. പ്രസാദ് അധ്യക്ഷത വഹിച്ചു. ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് രാജൻ, സംസ്ഥാന ട്രഷറർ റോജൻ ജോസ്, കെ. ബിനു, ജില്ലാ സെക്രട്ടറി കെ.ആർ. പ്രവീണ്, അഖിൽ വിഷ്ണു, പി.വി.സനൽ കുമാർ എന്നിവർ പ്രസംഗിച്ചു.