സ്വന്തം ലേഖകൻ
തൃശൂർ: ദുരന്തം എങ്ങനെ പടികയറിയെത്തിയാലും ഒന്നിച്ചുനേരിടുന്നവരാണു മലയാളി കൾ. രണ്ടു പ്രളയത്തിനുശേഷം മഹാമാരിയായി കോവിഡ് എത്തിയിട്ടും ഒന്നിച്ച് അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവനു മുന്നിലുള്ള കടന്പകളിലൊന്നാണ് “രക്തബന്ധം’ മുറിയാതെ നോക്കേണ്ടത്.
അതേ, ലോക രക്തദാതാക്കളുടെ ദിനത്തിൽ മലയാളിയുടെ ശ്രദ്ധ രക്തദാനം എന്ന മഹാപുണ്യത്തിലേക്കു പതിച്ചേ തീരൂ.
കോവിഡും ലോക്ക് ഡൗണുമായി ഐഎംഎയെപ്പോലെയുള്ള രക്തബാങ്കുകൾ ഇപ്പോൾ ലാഭത്തിലുമല്ല, നഷ്ടത്തിലുമല്ലാത്ത അവസ്ഥയിലാണ്. ചുരുക്കിപ്പറഞ്ഞാൽ വേണ്ടത്ര രക്തം സ്റ്റോക്കില്ല. എല്ലാ ഗ്രൂപ്പിലുള്ള രക്തവും കുറവ്.
ലോക്ക് ഡൗണിൽ എല്ലാവരും വീട്ടിലിരുന്നു. ആശുപത്രികളിൽ ശസ്ത്രക്രിയകളും കുറഞ്ഞു, റോഡപകടങ്ങളും കുറവായി. ഇളവുകൾ വന്നതോടെ നേരത്തെ മാറ്റിവച്ച ശീലങ്ങൾ വീണ്ടും തുടങ്ങി. അമിതവേഗം പലരേയും ആശുപത്രിയിലെത്തിച്ചു.
ശസ്ത്രക്രിയാമുറികൾ സജീവമായി. രക്തത്തിന് ആവശ്യക്കാരേറെയായി. പക്ഷേ, രക്തം നൽകാൻ ആളെത്താതായി. വാർത്തകളും അറിയിപ്പുകളും രക്തദാതാക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വീണ്ടും ബാങ്കിലേക്ക് കുറേശെ ആളെയെത്തിക്കുന്നുണ്ട്.
വരവു കുറഞ്ഞു, ഇതു ക്ഷാമകാലം
സത്യം പറഞ്ഞാൽ രക്തത്തിന് ഇപ്പോൾ ക്ഷാമമുണ്ട്. നേരത്തെ ദിവസേന 50 – 60 നും ഇടയിൽ രക്തദാതാക്കൾ എത്തിയിരുന്നിടത്തു ലോക്ക്ഡൗൺ കാലത്തു 35-40 പേർ മാത്രമാണ് വരുന്നത്. ഒരേസമയത്ത് ആറിലധികം പേർക്കു ബാങ്കിൽ രക്തം നൽകാൻ പറ്റിയിരുന്നു.
ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഐഎംഎയുടെ നിർദേശങ്ങൾ അനുസരിച്ചു മാത്രമേ രക്തദാനം നടക്കൂ. ദാതാക്കളെ നേരത്തെതന്നെ സമയം വിളിച്ചറിയിക്കുകയാണ്. ഈ സമയത്തു വന്ന് തിരക്കില്ലാതെ സാമൂഹ്യഅകലം പാലിച്ചായിരുന്നു രക്തദാനം.
തൃശൂരിലും സമീപജില്ലകളിലും കോവിഡ് വ്യാപിച്ചതോടെ ആളുകളുടെ വരവ് ഇപ്പോൾ നിലച്ച മട്ടാണ്. എങ്കിലും ചില സന്നദ്ധപ്രവർത്തകരും രാഷ്ട്രീയപാർട്ടികളുടെ യുവജന സംഘടനകളും രക്തദാതാക്കളെ സംഘടിപ്പിക്കുന്നതാണ് ആശ്വാസം.
കോവിഡും രക്തവും ബന്ധുക്കളല്ല
പേടിക്കേണ്ട, രക്തത്തിലൂടെ കോവിഡ് പകരില്ല. എന്നാലും രക്തം കൊടുക്കാൻ വരുന്നവരിലൂടെ കോവിഡ് വന്നേക്കും. അതാണു പ്രശ്നം. രക്തദാതാക്കളോടുള്ള പഴയ ചോദ്യങ്ങളുടെ കൂടെ കോവിഡുമായി ബന്ധപ്പെട്ട പുതിയ ചോദ്യക്കടലാസുകൂടി പൂരിപ്പിച്ചശേഷമേ രക്തം നല്കാൻ സാധിക്കൂ. തെർമൽ സ്കാനർ പരിശോധനയുമുണ്ടാകും. പ്രശ്നങ്ങളില്ലെങ്കിൽ രക്തം നൽകാം.
രാവിലെ ഒന്പതുമുതൽ വൈകിട്ട് അഞ്ചുവരെ എപ്പോൾ വേണമെങ്കിലും രക്തം നല്കാൻ രാമവർമപുരത്തെ ഐഎംഎ രക്തബാങ്കിൽ ചെല്ലാം. രക്തദായക ദിനമായ ഇന്ന് എണ്പതിലധികം പേർ രക്തം നല്കാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
എത്തിയാൽ താത്കാലികമായി പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഐഎംഎ ബ്ലഡ് ബാങ്ക് ഡയറക്ടർ ഇൻ- ചാർജ് ഡോ. എസ്.എം. ബാലഗോപാലനും സഹപ്രവർത്തകരും.
മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകളും രക്തദാനത്തിനെത്തുന്നുണ്ട്. പക്ഷേ, സ്ത്രീകളിൽ അന്പതുശതമാനം പേരിൽ നിന്നുമാത്രമേ രക്തം സ്വീകരിക്കാനാകുന്നുള്ളൂ. രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് കാരണം.
ഏതു പ്രതിസന്ധി വന്നാലും മലയാളികൾ കൈകോർക്കുന്നതുപോലെ അതിജീവനത്തിനിടയിലും ഓർക്കുക, രക്തബാങ്കിന്റെ വാതിൽ തുറന്നുകിടക്കുന്നുണ്ട്. ബ്രേക്ക് ദി ചെയിൻ കാലത്തു രക്തബന്ധങ്ങളുടെ ചങ്ങലക്കണ്ണികൾ അറുത്തുമാറ്റരുത്. മഹാദാനമാണ് രക്തദാനം, അതു ജീവദാനവുമാണ്.