സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്തു പ്രഖ്യാപിച്ചിരുന്ന സന്പൂർണ ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചു സർക്കാർ. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും പരീക്ഷാ ഡ്യൂട്ടിയുള്ള ജീവനക്കാർക്കും ഇളവു ലഭിക്കും.
വീടുകളിൽനിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ- ഡെന്റൽ കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിനായി യാത്ര ചെയ്യുന്ന വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് ഇളവനുവദിച്ചു പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
പരീക്ഷയെഴുതാനും പരീക്ഷാ നടത്തിപ്പിനു പോകുന്നവർക്കും അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ചു യാത്ര നടത്താം. അലോട്ട്മെന്റ് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനു പോകുന്നവർക്ക് അവരുടെ അലോട്ട്മെന്റ് ലെറ്റർ പാസ് ആയി കണക്കാക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയ ശേഷം ഞായറാഴ്ച സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിൽ വിശ്വാസികൾ അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇളവുമായി ബന്ധപ്പെട്ട കാര്യം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ചർച്ച നടത്തിയെങ്കിലും ആശയക്കുഴപ്പത്തെത്തുടർന്ന് തീരുമാനമായിരുന്നില്ല. തുടർന്നു ഇക്കാര്യം ദീപികയും റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഇളവ് പ്രഖ്യാപിച്ചു സർക്കാർ ഉത്തരവിറക്കിയത്.