സെബി മാത്യു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് -19ന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്നു ചൂണ്ടിക്കാട്ടി ആരോഗ്യ രംഗത്തെ വിദഗ്ധർ. ഇന്ത്യയിൽ പല ഭാഗത്തും വൈറസിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ഇവർ തെളിവു സഹിതം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ സമൂഹവ്യാപനം നടന്നിട്ടില്ലെന്നു തറപ്പിച്ചു പറയാൻ കഴിയുമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യാഴാഴ്ച പറഞ്ഞിരുന്നു.
സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ടെന്നാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മുൻ ഡയറക്ടർ ഡോ. എം.സി.മിശ്രയുടെ നിലപാട്.
ആളുകളുടെ കൂട്ടപ്പലായനവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിൽ പോലും വൈറസ് എത്തുന്നതിനു കാരണമായി.
ഇന്ത്യയിലെ വലിയ ജനസംഖ്യയും വൈവിധ്യവും കണക്കിലെടുക്കുന്പോൾ സാമൂഹിക വ്യാപനം ഇല്ലെന്ന് തെളിയിക്കാൻ ഐസിഎംആർ നടത്തിയ സർവേ കൊണ്ടു കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തു സമൂഹവ്യാപനം സംഭവിച്ചെന്നു ഡോക്ടർമാർ
ന്യൂഡൽഹി: രാജ്യത്ത് വളരെ നേരത്തേ തന്നെ സമൂഹവ്യാപനം നടന്നു കഴിഞ്ഞു എന്നു പ്രമുഖ വൈറോളജിസ്റ്റ് ഷഹീദ് ജമീൽ. ആരോഗ്യവകുപ്പ് അധികൃതർ ഇതൊന്നും വകവയ്ക്കുന്നില്ല.
ഐസിഎംആറിന്റെ തന്നെ പഠനപ്രകാരം സാർസ് കോ വി-2 പോസീറ്റീവായി കണ്ടെത്തിയ നാൽപത് ശതമാനം ആളുകൾക്കും വിദേശയാത്രകളോ നേരിട്ടു രോഗീസന്പർക്കമോ ഉണ്ടായിട്ടില്ല. ഇതു സമൂഹ വ്യാപനം അല്ലെങ്കിൽ മറ്റെന്താണെന്നും ഡോ. ഷഹീദ് ചോദിക്കുന്നു.
ശ്വാസകോശ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. അരവിന്ദ് കുമാർ പറയുന്നത് ഐസിഎംആറിന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുത്താൽ തന്നെ ഡൽഹി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന കാര്യത്തിൽ സംശയിക്കേണ്ട കാര്യമില്ല എന്നാണ്.
വൈറസിന്റെ വ്യാപനം വ്യത്യസ്ത തരത്തിലാണ് ഓരോ സംസ്ഥാനത്തെയും ബാധിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലെ സ്ഥിതിഗതികൾ വച്ചു നോക്കുന്പോൾ ഇന്ത്യയിൽ സമൂഹവ്യാപനം നടന്നിട്ടേ ഇല്ല എന്നു പറയുന്നത് തികച്ചും തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ട് എന്നു ഉറപ്പിച്ചു പറയാമെന്നു പ്രമുഖ പൾമണോളജിസ്റ്റും ഫോർട്ടിസ് എസ്കോർട്ട്സ് ആശുപത്രിയിലെ വകുപ്പ് മേധാവിയുമായ ഡോ. ശേഖർ ഝാ പറഞ്ഞു.
പത്തു ദിവസമായി സർക്കാർ ഡൽഹിയിൽ ഒരിടത്തും സന്പർക്ക പാത കണ്ടു പിടിക്കുന്നേയില്ല. സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന കാര്യം സർക്കാരിന് ഉറപ്പാണ്. എന്നാൽ, ഭരണകൂടം അത് അംഗീകരിക്കാൻ തയാറാകുന്നില്ലെന്നു മാത്രം. ഐസിഎംആറിന്റെ സീറോ സർവേ ഡൽഹിയിലോ ധാരാവിയിലോ നടത്തിയിരുന്നു എങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പോസിറ്റീവായ ഒരാൾക്ക് എങ്ങനെ വൈറസ് പകർന്നു കിട്ടി എന്നുറപ്പിക്കാനായില്ലെങ്കിൽ അത് സമൂഹ വ്യാപനം നടന്നു എന്നതിന്റെ തെളിവാണെന്നു ജെഎൻയു സെന്റർ ഫോർ സോഷ്യൽ മെഡിസിൻ ആന്‍ഡ് കമ്യൂണിറ്റി ഹെൽത്തിലെ ഡോ. വികാസ് വാജ്പേയ് പറഞ്ഞു.
ഐസിഎംആർ സമൂഹ വ്യാപനം ഇല്ല എന്നു സ്ഥാപിക്കാൻ ഉയർത്തിക്കാണിക്കുന്ന സർവേ അതിവ്യാപന മേഖലകളിൽ നടത്തിയതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണെന്നു ഫോർട്ടിസ് മെമ്മോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പൾമോണജി വിഭാഗം മേധാവി ഡോ. മനോജ് ഗോയലും പറഞ്ഞു.