മികച്ച വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ രാജേഷ്. അടുത്തിടെ ഒരു വേദിയിൽ താൻ ജനിച്ചത് ചേരിയിലാണെന്നും അമ്മയ്ക്കുവേണ്ടിയാണ് സിനിമയിലേക്കുള്ള വഴി തെരഞ്ഞെടുത്തതെന്നും ഐശ്വര്യ തുറന്നു പറഞ്ഞത് വാർത്താപ്രാധാന്യം നേടിയിരുന്നു.
ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഐശ്വര്യയുടെ ഒരു ആരാധിക സോഷ്യൽ മീഡിയയിൽ ഐശ്വര്യയുടെ ചിത്രത്തിന് നൽകിയ കമന്റും അതിനു ഐശ്വര്യ നൽകിയ മറുപടിയും വൈറലായിരിക്കുകയാണ്.
ഐശ്വര്യയ്ക്കു വേണ്ടി മരിക്കാൻ തയാറാണെന്നാണ് തിരുപ്പൂരിലെ ഒരു ആരാധിക പറഞ്ഞത്. എന്നാൽ ഇത്തരം വാക്കുകൾ ഒരിക്കലും ഉപയോഗിക്കരുതെന്നും ജീവിതം മരിക്കാനുള്ളതല്ലെന്നും ഐശ്വര്യ മറുപടി പറഞ്ഞു.
നിങ്ങളെപ്പോലൊരു ആരാധികയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇത്തരം വാക്കുകൾ ഉപയോഗിക്കില്ലെന്ന് ഉറപ്പു തന്നാൽ താൻ എന്നും നല്ല സുഹൃത്തായിരിക്കുമെന്നും ഐശ്വര്യ മറുപടിയായി കുറിച്ചു.