നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ മൊത്തം മനസിൽ ഇരിപ്പുറപ്പിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. പ്രേമം മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.
ചിത്രം ഹിന്ദിയിൽ ചെയ്യാൻ ഓഫർ വന്നിരുന്നുവെങ്കിലും അൽഫോൻസ് പിന്മാറുകയായിരുന്നു. പ്രേമത്തിന് ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷമായി ചിത്രങ്ങളൊന്നും സംവിധാനം ചെയ്തില്ലെങ്കിലും മോഹൻലാലിനെ നായകനാക്കി ഒരു അത്യുഗ്രൻ ഫാൻബോയി ചിത്രം സംവിധാനം ചെയ്യണമെന്ന സ്വപ്നം മനസിൽ കൊണ്ടു നടക്കുകയാണ് അൽഫോൻസ്.
മോഹൻലാൽ ചിത്രം എപ്പോഴെങ്കിലും നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് അൽഫോൻസ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അത്യുഗ്രനൊരു കഥയുണ്ട് മനസിൽ. അതിന്റെ തിരക്കഥ രചന നടന്നുകൊണ്ടിരിക്കുകയാണ്.
മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ നായകരാക്കുമ്പോള് അവര്‍ക്ക് വേണ്ടി താനും സ്വയം മാറേണ്ടതുണ്ടെന്നാണ് അൽഫോൻസിന്റെ പക്ഷം.
കാർത്തിക് സുബരാജ് പേട്ടയിൽ ഒരുക്കിയത് ഒരു രജനീകാന്ത് ഫാൻ ബോയ് ചിത്രമാണെങ്കിൽ താൻ ലാലേട്ടനെ വെച്ച് ഒരു അന്യായ ഫാൻ ബോയ് ചിത്രമാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അൽഫോൻസ് പറയുന്നു.
അതേസമയം ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് അൽഫോൻസ് പുത്രൻ. ഒരു മ്യൂസിക് ഡ്രാമയായി ഒരുങ്ങുന്ന സിനിമയ്ക്കുവേണ്ടി അൽഫോൻസ് സംഗീതം പഠിക്കുകയാണ്. കാരണം ആ ചിത്രം ചെയ്യണമെങ്കിൽ സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിക്കണമെന്നാണ് അൽഫോൻസ് പറയുന്നത്.